കൂട്ടുകാരോട് ബിരിയാണി കഴിച്ചാലോ എന്ന് ചോദിച്ച് തീരും മുൻപ് ബിരിയാണിക്കടകളുടെ പരസ്യവും റീലുമൊക്കെ സ്മാർട്ട്ഫോണിൽ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഫോൺ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് ഫേസ്ബുക്കാണെന്ന് പലപ്പോഴും കരുതിയിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ഒരു മാർക്കറ്റിങ് കമ്പനി. സ്മാർട്‌ഫോണിന്റെ മൈക്രോഫോൺ ഉപയോഗിച്ച് ഉപഭോക്താക്കൾ സംസാരിക്കുന്നത് കേൾക്കാറുണ്ടെന്നാണ് കമ്പനി വെളിപ്പെടുത്തിയത്.
കോക്സ് മീഡിയാ ഗ്രൂപ്പ് എന്ന മാർക്കറ്റിംഗ് കമ്പനിയാണ് ഇക്കാര്യം സമ്മതിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഈ കമ്പനിയുടെ ഉപയോക്താക്കളുടെ ലിസ്റ്റിൽപ്പെടുന്നവരാണ്. ഉപയോക്താക്കളുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ ശബ്ദം കേൾക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്ന് കോക്‌സ് 2023ൽ തന്നെ പറഞ്ഞിരുന്നു. അന്ന് ഇതിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും പിന്നീട് നീക്കം ചെയ്തു.
പുതിയ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ ഗൂഗിൾ തങ്ങളുടെ പാർട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റിൽ നിന്ന് കോക്‌സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തു. പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഫോണിന്റെ മൈക്രോഫോൺ തങ്ങൾ ഉപയോഗിക്കുന്നില്ലെന്നും വർഷങ്ങളായി ഇക്കാര്യം തുറന്നുപറയുന്നുണ്ടെന്നുമാണ് മെറ്റ പ്രതികരിച്ചത്. നിലവിൽ കരാർ വ്യവസ്ഥകൾ കോക്‌സ് മീഡിയാ ഗ്രൂപ്പ് ലംഘിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച പരിശോധന നടന്നുവരികയാണെന്നും മെറ്റ പറഞ്ഞു.