സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകുന്ന സബ്സിഡി തുക കുറച്ചു. ഇരുചക്ര വാഹനങ്ങൾക്ക് 2025-26 സാമ്പത്തിക വർഷം മുതൽ 5,000 രൂപയാണ് സബ്സിഡിയായി ലഭിക്കുക. 2024-25 വർഷത്തിൽ 10,000 രൂപയായിരുന്നു സബ്സിഡി തുക.ഇരുചക്ര വാഹനങ്ങളുടെ അടിസ്ഥാനത്തിൽ സബ്സിഡി 5,000 രൂപയായി ആണ് കുറയുന്നത്. പരമാവധി സബ്സിഡി തുക 25,000 രൂപയായിരിക്കും. ഇത് ത്രീവീലറുകൾക്കാണ്. വലിയ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്ക് ഇപ്പോൾ 50,000 രൂപയാണ് സബ്സിഡിയായി ലഭിക്കുക. ഇത് പകുതിയായി കുറയും.
ഇ-റിക്ഷകൾ വാങ്ങുന്നവർക്ക് പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ആദ്യ വർഷം 25,000 രൂപ സബ്സിഡിയായി നേടാം. രണ്ടാം വർഷം 12,500 രൂപയുടെ സബ്സിഡി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.
നിലവിൽ, ഒല, ടിവിഎസ്, ആതർ എനർജി, ഹീറോ മോട്ടോകോർപ്പ്, ചേതക് ബജാജ് തുടങ്ങിയ നിർമ്മാതാക്കൾ ആണ് ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമിക്കുന്നത്.ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 2.88 കിലോവാട്ട് മുതൽ നാല് കിലോവാട്ട് വരെയാണ് ബാറ്ററി ശേഷി. വിവിധ മോഡലുകൾക്ക് വില 90,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ്.
സ്കീമിന് കീഴിലുള്ള ഡിമാൻഡ് ഇൻസെൻ്റീവുകൾ ലഭിക്കുന്നതിന് വാഹനം വാങ്ങുന്നയാളുടെ സെൽഫിയും പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. പദ്ധതി പ്രകാരമുള്ള സർക്കാരിൻ്റെ സബ്സിഡി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ ഓരോ ആറ് മാസത്തിലും പരിശോധ നടത്തും.
ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ ഇ-വൗച്ചർ ലഭിക്കും. ഇ-വൗച്ചർ ഡീലറുടെ ഒപ്പോടെ പിഎം ഇ-ഡ്രൈവ് പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യാം. തദ്ദേശീയമായി നിർമിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് മികച്ച ഇളവ് ലഭിക്കും.
നഗര കേന്ദ്രങ്ങളിലും ഹൈവേകളിലും ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ ബസുകൾ എന്നിവയ്ക്കായി 72,300 ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. സംസ്ഥാന ഗതാഗത സ്ഥാപനങ്ങളും പൊതുഗതാഗത ഏജൻസികളും 14,028 ഇലക്ട്രിക് ബസുകൾ വാങ്ങും. 4,391 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.