ഫുഡ് ഓർഡർ ചെയ്ത് കഴിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ് പ്രത്യേകിച്ച് സിറ്റിയിലുള്ളവർ. ജോലി തിരക്കുകളും മറ്റ് പല കാരണങ്ങൾകൊണ്ട് ഭക്ഷണം പുറത്തു നിന്നാക്കാമെന്ന് ഭൂരിഭാഗം പേരും ചിന്തിക്കുന്നു. സോമറ്റോ സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം വന്നതോടെ കാര്യങ്ങൾ എളുപ്പമായി. കോടികൾ ലാഭം കൊയ്യുന്ന സ്റ്റാർട്ടപ്പ് കമ്പനികളാണ് ഇന്ന് ഇവ രണ്ടും. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ സോമറ്റോയിൽ ഫുഡ് ഓർഡർ ചെയ്താൽ അത് നല്കാൻ അതിന്റെ സിഇഒ നേരിട്ട് വരുമെന്ന്? എന്നാൽ ഇന്നത് സംഭവിച്ചിരിക്കുകയാണ്. സൊമാറ്റോയുടെ സിഇഒയും സഹസ്ഥാപകനുമായ ദീപീന്ദർ ഗോയൽ, ഭാര്യ ഗ്രേഷ്യ ഗോയലിനൊപ്പം ഡെലിവറി ഏജൻ്റായി എത്തിയിരിക്കുകയാണ്.
വർഷങ്ങളായി, വിവിധ കമ്പനികളുടെ സിഇഒമാർ അവരുടെ ബിസിനസുകളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ ഇത്തരത്തിലുള്ള പല രീതികൾ ഉപയോഗിക്കാറുണ്ട്. അവയിൽ ഏറ്റവും പുതിയ വാർത്തയാണ് സോമറ്റോ സിഇഒയുടേത്. തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ദീപീന്ദർ ഗോയലും ഭാര്യയും സൊമാറ്റോ യൂണിഫോം ധരിച്ച് ഭക്ഷണ വിതരണത്തിനായി ബൈക്കിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ അദ്ദേഹം തന്നെ പങ്കിട്ടിട്ടുണ്ട്.
“രണ്ട് ദിവസം മുമ്പ് ഒരുമിച്ച് ഓർഡറുകൾ ഡെലിവറി ചെയ്യാൻ പുറപ്പെട്ടു,,” എന്നാണ് ചിത്രത്തിന് താഴെയായി ദീപീന്ദർ എഴുതിയിരിക്കുന്നത്. ഭാര്യയെ ടാഗ് ചെയ്തിട്ടുമുണ്ട്. പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ അവർ ബൈക്ക് ഓടിക്കുന്നത്, മൊബൈൽ നോക്കി അഡ്രസ് കണ്ടുപിടിക്കുന്നത്, ഉപഭോക്താക്കളുമായി ഇടപഴകുന്നത് എന്നിവയുണ്ട്.