ചില പ്രണയങ്ങൾ അങ്ങനെയാണ്. കാലം എത്ര മുന്നോട്ട് സഞ്ചരിച്ചാലും കാറ്റിനെതിരെ സഞ്ചരിക്കുന്ന കൊടിയായി മനസ് പിന്നോട്ട് നടക്കും. എത്ര അകറ്റി നിർത്താൻ ശ്രമിച്ചാലും, മറക്കാൻ ശ്രമിച്ചാലും ആത്മാവിൻ്റെ ഇരുണ്ട മൂലകളിൽ പ്രകാശം പരത്തി ഒടുവിൽ എങ്ങനെയെങ്കിലുമൊക്കെ നമ്മിലേക്ക് തന്നെ ഒഴുകിയെത്തും.. ഓർമകൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ചിരന്തന ബന്ധനമാകും.
ഇങ്ങനെയൊരു പ്രണയമുണ്ട് സിമി ഗർവാൾ എന്ന മുൻ ബോളിവുഡ് താരത്തിനും. പ്രണയിച്ചത് കോർപ്പറേറ്റ് ലോകത്തെ സ്വർണ ഹൃദയമുള്ള രത്തൻ ടാറ്റയെ. പക്ഷേ ഈ പ്രണയം ടാറ്റ ഒരിക്കലും പരസ്യമായി അംഗീകരിച്ചിരുന്നില്ല. സിമി ഗർവാൾ ആകട്ടെ പല തവണ ഇത് പറയാതെ പറഞ്ഞിട്ടുണ്ടെങ്കിലും ടാറ്റ എപ്പോഴും മൗനം പാലിച്ചു.
ഇന്ന് രത്തൻ ടാറ്റ മരണമടഞ്ഞിട്ട് ഒരു മാസം പൂർത്തിയാകുകയാണ്. ഓർമകളിൽ വിതുമ്പുന്നവരിൽ ടാറ്റ എന്നും നെഞ്ചോടു ചേർത്തു പിടിച്ചിരുന്ന ശന്തനു നായിഡുവിനും സഹോദരിമാർക്കും ഒക്കെ ഒപ്പം, തീർച്ചയായും അഗർവാളും ഉണ്ടാകും.
രത്തൻ ടാറ്റയുടെ മരണം അവരെ ഏറെ വൈകാരികമായി തകർത്തിരുന്നു. മറികടക്കാൻ ബുദ്ധിമുട്ടുള്ള വിയോഗമാണിതെന്ന് അവർ ലോകത്തോട് വിളിച്ചുപറഞ്ഞു. ആ ഓർമകളിൽ കണ്ണീർ വാർത്തു.
എല്ലാവരും പറയുന്നു നിങ്ങൾ മരിച്ചെന്ന്…
ഗർവാൾ അങ്ങനെ സോഷ്യൽ മീഡിയയിൽ സജീവമൊന്നുമല്ല. എന്നാൽ രത്തൻ ടാറ്റ മരിച്ച അന്ന് അവർക്ക് ചിലത് പറയാനുണ്ടായിരുന്നു. ബോളിവുഡിൽ നിന്ന് ആദരാഞ്ജലി അർപ്പിച്ചവരുടെയൊക്കെ അനുശോചനക്കുറിപ്പിൽ നിന്ന് ഇത് വ്യത്യസ്തമായി. എല്ലാവരും പറയുന്നു നിങ്ങൾ മരിച്ചെന്ന്.. (സിമി ഗർവാളിൻ്റെ ഓർമകളിൽ ഒരിക്കലും ടാറ്റ മരിക്കില്ലെന്ന എല്ലാ സൂചനകളും ആ ഒറ്റ വരിയിൽ തന്നെയുണ്ട്.) വേർപാട് എനിക്ക് താങ്ങാൻ ബുദ്ധിമുട്ടാണ്.
ബോളിവുഡിൽ സജീവമായിരുന്ന കാലത്താണ് രത്തൻ ടാറ്റയെ ഗർവാൾ കണ്ടുമുട്ടുന്നത്. ഇരുവരും പ്രണയിച്ചിരുന്നെങ്കിലും വിവാഹം കഴിക്കാതെ സുഹൃത്തുക്കളായി തുടരുകയായിരുന്നു എന്ന് വർഷങ്ങൾക്ക് മുമ്പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഇവർ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ ചില സൂചനകൾ നൽകിയിട്ടുണ്ട് എന്നതൊഴിച്ചാൽ ഒരു അഭിമുഖത്തിലും രത്തൻ ടാറ്റ ഈ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല.. ഹേയ്.. ടാറ്റ… നിങ്ങൾ എപ്പോഴെങ്കിലും രാജാക്കൻമാരുടെ പോലും സ്വപ്ന സുന്ദരിയായിരുന്ന ഗർവാളിനെ പ്രണയിച്ചിട്ടുണ്ടോ?