വനിതകളായ യാത്രക്കാർക്ക് വിമാനത്തിലെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന് നേരത്തെ അറിയുന്നതിനുള്ള സൗകര്യമാണ് ഇൻഡിഗോ ഏർപ്പെടുത്തിയത്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ സ്ത്രീകളായ സഹയാത്രികരുടെ അരികിൽ ഇരിക്കാൻ അനുവദിക്കുന്ന ഇൻഡിഗോയുടെ നടപടിക്ക് മികച്ച പ്രതികരണം ആണ് കിട്ടിയത്. ജൂലൈ മാസത്തെ അപേക്ഷിച്ച് 2024 ഓഗസ്റ്റിൽ ഈ സേവനം തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണം 60 മുതൽ 70% വരെ വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ മെയ് മാസത്തിൽ ആണ് ഇൻഡിഗോ പൈലറ്റ് അടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. വനിതകളായ യാത്രക്കാർക്ക് വിമാനത്തിലെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് പുരുഷനാണോ സ്ത്രീയാണോ എന്ന് നേരത്തെ അറിയുന്നതിനുള്ള സൗകര്യമാണ് ഇൻഡിഗോ ഏർപ്പെടുത്തിയിട്ടുള്ളത്.
വെബ് ചെക്ക്-ഇൻ വേളയിൽ മറ്റ് സ്ത്രീ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ ഏതൊക്കെയാണെന്ന് അറിയാൻ ഇതിലൂടെ സാധിക്കും. വെബ് ചെക്ക്-ഇൻ പ്രക്രിയയിൽ സ്ത്രീ യാത്രക്കാർ ബുക്ക് ചെയ്ത സീറ്റുകൾ പിങ്ക് നിറത്തിൽ ആണ് കാണപ്പെടുക . ബുക്കിംഗ് പ്രക്രിയയിൽ സ്ത്രീകളാണെന്ന് തിരിച്ചറിയുന്നവർക്ക് മാത്രമേ ഫീച്ചർ നിലവിൽ ലഭ്യമാകൂ, പുരുഷ യാത്രക്കാർക്ക് ഈ വിവരങ്ങളിലേക്ക് പ്രവേശനമില്ല.
ഫ്ലൈറ്റുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും സംബന്ധിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകൾക്കുള്ള പ്രതിവിധിയായാണ് എയർലൈൻ ഈ സൌകര്യം ഏർപ്പെടുത്തിയത് . ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ യാത്രികർക്ക്, കൂടുതൽ സുരക്ഷിതത്വം ഇതിലൂടെ ഉറപ്പാക്കുന്നതിന് സാധിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ഈ സംവിധാനവുമായി ബന്ധപ്പെട്ട് വിപുലമായ പഠനം നടക്കുകയാണെന്നും നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് പദ്ധതിയെന്നും കമ്പനി വ്യക്തമാക്കുന്നു.
വിമാനങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന അവസരങ്ങളിൽ മോശം അനുഭവമുണ്ടായതായി പല സ്ത്രീകളും നേരത്തെ പരാതിപ്പെട്ടിട്ടുണ്ട്. സ്ത്രീകളായ യാത്രക്കാർ അവർക്ക് അനുയോജ്യമായ സുരക്ഷിതമായ ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കാൻ ഇത്തരം അനുഭവങ്ങൾ പ്രേരിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ വിജയം വിലയിരുത്തിയ ശേഷം സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തോടെ പദ്ധതി തുടരണമോ എന്ന് ഇൻഡിഗോ തീരുമാനിക്കുകയും ചെയ്യും.