രാജ്യത്തെ ഏറ്റവും വലിയ ധനികൻ ആരാണെന്നതിനു ഒറ്റ ഉത്തരമേ ഉള്ളു, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. എന്നാൽ ചൈനയിലെ ഏറ്റവും വലിയ സമ്പന്നൻ ആരാണെന്ന് അറിയാമോ? അടുത്തിടെ പുറത്തിറക്കിയ ഹുറുൺ ചൈന റിച്ച് ലിസ്റ്റ് പ്രകാരം ചൈനയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ബൈറ്റ്ഡാൻസ് സ്ഥാപകൻ ഷാങ് യിമിംഗ് ആണ്. എന്നാൽ രസകരമായൊരു കാര്യം, മുകേഷ് അംബാനിയുടെ ആസ്തിയുടെ പകുതി പോലുമില്ല ചൈനയിലെ ഏറ്റവും വലിയ കോടീശ്വരന്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 102 ബില്യൺ ഡോളർ ആണ്. അതേസമയം, ഷാങ് യിമിംഗിൻ്റെ ആസ്തി 9.3 ബില്യൺ ഡോളർ മാത്രമാണ്. ജനപ്രിയ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളായ ഡൂയിൻ, ടിക് ടോക്ക് എന്നിവയുടെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് സ്ഥാപകനാണ് ഷാങ് യിമിംഗ്.
ഓഗസ്റ്റിൽ പുറത്തിറക്കിയ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, ചൈനയുടെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 25% കുറവുണ്ടായപ്പോൾ, ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 29% വർധനവ് രേഖപ്പെടുത്തി, എങ്കിലും, മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോഴും ചൈനയെക്കാൾ വളരെ പിന്നിലാണ്. ചൈനയിൽ മൊത്തം 753 ശതകോടീശ്വരന്മാരുണ്ട്, ഇന്ത്യയുടെ 334 പേര് മാത്രമാണ് ഉള്ളത്.