ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം വൃത്തിയോടെ ഗുണനിലവാരത്തോടെ തയാറാക്കിയതാണെന്ന് ഉറപ്പുണ്ടോ..ഭക്ഷണത്തിന്‍റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി. സ്വിഗ്ഗി ഡീല്‍ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. 650 ഇന്ത്യന്‍ നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ‘സ്വിഗ്ഗി സീല്‍’ ഒരുക്കുന്നത്. നല്ല നിലവാരമുള്ള പാക്കേജിംഗില്‍ വൃത്തിയുള്ളതും നന്നായി പാകം ചെയ്തതുമായ ഭക്ഷണം എത്തിക്കുന്നതിന് ഈ സംരംഭം ലക്ഷ്യമിടുന്നു. പ്രത്യേക ബാഡ്ജിംഗ് നല്‍കി ഹോട്ടലുകളിലെ ശുചിത്വം സ്വിഗി നിരീക്ഷിക്കും.
ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍, റെസ്റ്റോറന്‍റിന്‍റെ പേരിന് മുകളില്‍ നീല ‘സ്വിഗ്ഗി സീല്‍’ കാണാം. ശുചിത്വം, പാചകം, പാക്കേജിംഗ് ഗുണനിലവാരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിശദമായി പരിശോധിച്ച ശേഷം ആയിരിക്കും ഈ ബാഡ്ജ് നല്‍കുക. ഇതിലൂടെ ഗുണമേന്മയുള്ള ഭക്ഷണം ഉപഭോക്താക്കള്‍ക്ക് എത്തിക്കും. റസ്റ്റോറന്‍റിനെക്കുറിച്ച് എന്തെങ്കിലും പരാതി ലഭിച്ചാല്‍, സ്വിഗ്ഗി അതിനെക്കുറിച്ച് അന്വേഷിക്കുകയും മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടാല്‍ ബാഡ്ജ് നീക്കുകയും ചെയ്യും. കൂടാതെ, റെസ്റ്റോറന്‍റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വെബിനാറുകള്‍ നടത്തുമെന്ന് കമ്പനി അറിയിച്ചു. ഭക്ഷണം കൈകാര്യം ചെയ്യല്‍, മലിനീകരണം തടയല്‍, മെച്ചപ്പെട്ട പാചക രീതികള്‍ തുടങ്ങിയ അവശ്യ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പരിശീലനം.
അതേ സമയം 2019-ല്‍ സൊമാറ്റോ ഒരു ശുചിത്വ റേറ്റിംഗ് സംവിധാനവും അവതരിപ്പിച്ചിരുന്നെങ്കിലും മിക്ക റെസ്റ്റോറന്‍റുകളും പദ്ധതിയുടെ ഭാഗമാകുന്നതില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത കേക്ക് കഴിച്ച് ഒരു പെണ്‍കുട്ടി മരിച്ച സംഭവം പട്യാലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് സൊമാറ്റോ ആ റെസ്റ്റോറന്‍റിനെ നീക്കിയിരുന്നു.