യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എമാർ ഗ്രൂപ്പിന്റെ ഇന്ത്യൻ കമ്പനിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി റിയൽറ്റി. എമാർ ഇന്ത്യയുടെ ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് കമ്പനി. രണ്ട് സ്ഥാപനങ്ങളും തമ്മിൽ ചർച്ചകൾ നടത്തുകയാണ്. അതേസമയം ഏറ്റെടുക്കലിൻ്റെ കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. അദാനി ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപങ്ങൾ ഉയർത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
അഹമ്മദാബാദ് ആസ്ഥാനമായിയാണ് കമ്പനി പ്രവർത്തിക്കുന്നത്. അദാനി റിയൽറ്റിയും
ദുബായിലെ എമാർ മാനേജ്‌മെൻ്റുമായി ആണ് കൂടിക്കാഴ്ച്ച. യുഎഇയിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് എമാർ ഗ്രൂപ്പ്. മാതൃസ്ഥാപനമായ എമാർ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ് എമാർ ഇന്ത്യ.
12 വർഷം മുമ്പാണ് അദാനി റിയൽറ്റി പ്രവർത്തനം ആരംഭിച്ചത്. ബിസിനസിൻ്റെ വലിയൊരു ഭാഗം ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിലാണ്. മുംബൈയിലെ ധാരാവി ചേരി പുനർവികസനത്തിനുള്ള പ്രോജക്റ്റ് അദാനി ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ വലിയ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളിൽ ഒന്നാണ്, കൂടാതെ കമ്പനി അടുത്തിടെ ഡൽഹിയിലെ റിയൽ എസ്റ്റേറ്റ് രംഗത്തേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിരുന്നു.
ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് രംഗത്ത് എമാർ ഗ്രൂപ്പ് വൻകിടി നിക്ഷേപങ്ങൾ നടത്തിയിരുന്നെങ്കിലും 2023 ൽ കമ്പനി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. കമ്പനിയുടെ പ്രവർത്തന വരുമാനം 31.4 ശതമാനം കുറഞ്ഞു, 2022 സാമ്പത്തിക വർഷത്തിലെ 2,434 കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 1,670 കോടി രൂപയായി ആണ് കമ്പനിയിടെ വരുമാനം കുറഞ്ഞത്. കൂടാതെ, എമാർ ഇന്ത്യ 118.7 കോടി രൂപയുടെ മൊത്തം നഷ്ടം രേഖപ്പെടുത്തി. മുൻ വർഷം 189 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണ് ഇത്. അദാനി റിയൽറ്റി കമ്പനിയുടെ ഓഹരികൾ ഏറ്റെടുത്താൽ റിയൽ എസ്റ്റേറ്റ് രംഗത്തെ ഇരു സ്ഥാപനങ്ങളുടെയും സാനിധ്യം ശക്തിപ്പെടുത്താൻ ആകും.