വെറും എട്ടു ആഴ്ച കൊണ്ട് ആദിത്യ ബിർള ഗ്രൂപ്പ് എട്ടു ജ്വല്ലറി സ്റ്റോറുകൾ തുറന്നെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ആദിത്യ ബിർള ഗ്രൂപ്പ് അതിൻ്റെ പുതിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡ് കൂടുതൽ നഗരങ്ങളിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. തനിഷ്‌ക്, റിലയൻസ് ജുവൽസ് എന്നിവയുമായി നേരിട്ട് മത്സരിച്ചാണ് പുതിയ ബ്രാൻഡുകൾ തുറക്കുന്നത്. ബ്രാൻഡഡ് ആഭരണങ്ങളുടെ മേഖലയിൽ മികച്ച ഒരു ബ്രാൻഡായി വളരുകയാണ് ലക്ഷ്യം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മികച്ച മൂന്ന് ബ്രാൻഡുകളിൽ ഒന്നാകാനാണ് ഇന്ദ്രിയ പദ്ധതിയിടുന്നത്. ഏകദേശം 5,000 കോടി രൂപയുടെ സംരംഭമാണിത്. തനിഷ്‌കും റിലയൻസ് ജൂവൽസുമൊക്കെ കൂടാതെ കല്യാൺ ജ്വല്ലേഴ്‌സ്, ജോയ്ആലുക്കാസ് തുടങ്ങിയ ദേശീയ ശൃംഖലകൾക്കെതിരെയും മത്സരത്തിന് ഒരുങ്ങുന്നുണ്ട് ബ്രാൻഡ്.
ആദ്യതി ബിർള ഗ്രൂപ്പിൻ്റെ മൊത്തം വരുമാനത്തിൻ്റെ ഏകദേശം 20 ശതമാനവും ഇന്ന് ഉപഭോക്തൃ ബിസിനസുകളിൽ നിന്നാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 25 ശതമാനം ആയി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കളെ ആകർഷിക്കാനായി പഴയ ആഭരണങ്ങൾക്ക് 100 ശതമാനം റീസെയിൽ വാല്യു, പണിക്കൂലിയിൽ 25 ശതമാനം വരെ ഇളവ് തുടങ്ങിയ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, ജെയ്പുർ, പുനെ, ഇൻഡോർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇതോടകം തന്നെ സ്റ്റോറുകൾ തുറന്നിട്ടുണ്ട്.
ആദിത്യ ബിർള ഓഹരികളിൽ ഇടിവ്
അതേസമയം ആദിത്യ ബിർള ക്യാപിറ്റൽ ഓഹരികളിൽ കുത്തനെ ഇടിവുണ്ട്. 3.17 ശതമാനമാണ് ഓഹരികളിലെ ഇടിവ്. 215.04 രൂപയാണ് ഇന്ന് ഓഹരി വില. 52 ആഴ്ചയിലെ ഉയർന്ന വില 246.90 രൂപയാണ്. താഴ്ന്ന വില 155 രൂപയും. ആദിത്യ ബിർള ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധ ചെലുത്തണമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.