ന്യൂഡൽഹി:
സാധാരണക്കാർക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക സിലിണ്ടർ വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 39 രൂപ വീതം ആണ് വർധിപ്പിച്ചത്. വിലയിൽ വർധനയുണ്ടായതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 1691.50 രൂപയായി. പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിലെത്തും.
രാജ്യത്ത് ആവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വില വർധന തുടരുന്നതിനിടെയാണ് എണ്ണ കമ്പനികൾ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില പരിഷ്കരികരിച്ചത്. ഹോട്ടൽ ഭക്ഷണം ഉൾപ്പെടെയുള്ളവയുടെ വില വർധനവിന് കാരണമാകുന്ന സാഹചര്യമാണിത്.
14 കിലോഗ്രാം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ മാറ്റമൊന്നും വരുത്തിയില്ല. വിലയിൽ മാറ്റമില്ലാത്ത ഗാർഹിക പാചകവാതകത്തിന് ഡൽഹിയിൽ 803 രൂപയാണ്.
വിലയിൽ തുടർച്ചയായി കുറവ് വരുത്തിയതിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറിന് വില വർധിപ്പിച്ചത്. കഴിഞ്ഞ ജൂലൈ ഒന്നിന് എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന് 30 രൂപ കുറച്ചിരുന്നു. ജൂണിൽ 69.50 രൂപയും മെയ് മാസത്തിൽ 19 രൂപയും കുറഞ്ഞിരുന്നു.
കഴിഞ്ഞ മാസവും എൽപിജി ഗ്യാസ് സിലിണ്ടറിൻ്റെ വില വർധിപ്പിച്ചിരുന്നു. തുടർന്ന് 19 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറിന് 8.50 രൂപ വർധിക്കുകയും ചെയ്തു. ഇന്ത്യൻ ഓയിൽ കോർപറേഷൻ ( ഐഒസി ), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് ( ബിപിസിഎൽ ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് ( എച്ച്പിസിഎൽ) എന്നിവ എല്ലാ മാസവും ഒന്നാം തീയതി പാചക വാതക വില ക്രമീകരിക്കാറുണ്ട്.
ഇന്ത്യൻ ഓയിൽ കമ്പനിയുടെ ( ഐഒസിഎൽ ) വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് എൽപിജി സിലിണ്ടറുകളുടെ വില വർധന സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു.
ഈ വർധനയ്ക്ക് ശേഷം മുംബൈയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 200 രൂപയിൽ നിന്ന് ഉയർന്നു. 1605ൽ നിന്ന് 1644 രൂപയായി. കൊൽക്കത്തയിൽ 1764.50 ൽ നിന്ന് 1802.50 രൂപയായപ്പോൾ ചെന്നൈയിൽ 1817 ൽ നിന്ന് 1855 രൂപയായി ഉയർന്നു.