ഒരു പെണ്ണിന് എന്താണ് ചെയ്യാൻ പറ്റുന്നത് എന്ന് ചോദിക്കുന്നവരോട് ഒരു പെണ്ണിന് എന്താണ് ചെയ്യാൻ കഴിയാത്തത് എന്ന് തിരിച്ചു ചോദിക്കും മല്ലിക ശ്രീനിവാസൻ. ഇന്ത്യയുടെ ട്രാക്ടർ രാജ്ഞി എന്നറിയപ്പെടുന്ന മല്ലിക അച്ഛൻ്റെ ബിസിനസിനെ 10,000 കോടി രൂപയിലധികം മൂല്യമുള്ള വ്യവസായമായി വളർത്തിയ വനിതയാണ്.
വനിതകൾ അത്ര സാധാരണയല്ലാത്ത ട്രാക്ടർ ബിസിനസ് രംഗത്ത് വിജയകഥ രചിച്ച കഥയാണ് മല്ലിക ശ്രീനിവാസൻ്റേത്. 1959-ൽ തമിഴ്നാട്ടിൽ ജനിച്ച മല്ലിക വളർത്തിയത് ഒരു കുടുംബ ബിസിനസാണ്. ആ ബിസിനസിനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കാൻ ആയതാണ് മല്ലികയുടെ നേട്ടം.
അമേരിക്കയിലെ വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎ നേടിയിട്ടുള്ള ഇവർ മദ്രാസ് സർവകലാശാലയിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. വിദേശത്തെ ഉപരി പഠനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി പിതാവിൻ്റെ ആവശ്യപ്രകാരം കുടുംബ ബസിനിസിൻ്റെ ഭാഗമാകുകയായിരുന്നു.
1986-ൽ ആണ് ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെൻ്റ് ലിമിറ്റഡ് (ടാഫെ) എന്ന കമ്പനിയുടെ ഭാഗമാകുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും വിപണിയും മനസ്സിലാക്കി ബിസിനസിനെ അവർ നിരന്തരം നവീകരിച്ചു കൊണ്ടിരുന്നു. ട്രാക്ടർ നിർമാണ രംഗത്തെ മുൻനിര സ്ഥാപനമായി ടാഫെയെ വളർത്തിയതിനൊപ്പം മറ്റ് കാർഷികോപകരണങ്ങളുടെ നിർമാണ രംഗത്തേക്കും കമ്പനി കടന്നു.
മല്ലിക കേവലം ബിസിനസ് എന്നതിനപ്പുറത്തേക്കും ചിന്തിച്ചാണ് കുടുംബ ബിസിനസ് നവീകരിച്ചത്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ എന്തു ചെയ്യാനാകുമെന്ന് നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു.
കർഷകരുടെ ആവശ്യങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും മനസിലാക്കാൻ അവർ പതിവായി ഗ്രാമപ്രദേശങ്ങൾ സന്ദർശിച്ചു. കൃഷിരീതികളും ഗ്രാമീണ ജീവിതവും മെച്ചപ്പെടുത്തുന്ന, താങ്ങാനാവുന്നവിലയിലെ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ടാഫേയ്‌ക്കൊപ്പമുള്ള മല്ലികയുടെ ബിസിനസ് യാത്ര വെല്ലുവിളികളും നിറഞ്ഞതായിരുന്നു. വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും, തുടർച്ചയായ വളർച്ച ഉറപ്പാക്കിക്കൊണ്ട് അവർ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു.
അവരുടെ നേതൃത്വത്തിൽ, ടാഫെ 2005-ൽ ഐഷറിൻ്റെ ട്രാക്ടർ ഡിവിഷൻ ഏറ്റെടുത്തു. തുർക്കിയിലെ ഒരു ഫാക്ടറി ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ ബിസിനസ് വിപുലീകരിച്ചു.
ഈ ചുവടുവയ്പുകൾ ഇന്ത്യയിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളുടെ നിരയിലേക്ക് ടാഫെയെ എത്തിച്ചു. ഈ രംഗത്തിപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് ടാഫെയുണ്ട്. ലോകത്തിലെ തന്നെ മുൻനിര ട്രാക്ടർ നിർമാതാക്കളാണ് ഇപ്പോൾ സ്ഥാപനം.
യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലിൻ്റെ ഗ്ലോബൽ ബോർഡിൽ സേവനമനുഷ്ഠിക്കുന്ന മല്ലിക, ബ്രിക്‌സ് വിമൻസ് ബിസിനസ് അലയൻസിൻ്റെ അംഗവുമാണ്.
ഫോബ്‌സ് ഇന്ത്യയുടെ വുമൺ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം നേടിയിരുന്നു. ഫോബ്‌സിൻ്റെ ഏഷ്യയിലെ മികച്ച 50 വനിതാ ബിസിനസുകാരുടെ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ബിസിനസിനപ്പുറംസാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
ശങ്കര നേത്രാലയ, ചെന്നൈയിലെ കാൻസർ ഹോസ്പിറ്റൽ തുടങ്ങി ദക്ഷിണേന്ത്യയിലെ നിരവധി മെഡിക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പിന്തുണ നൽകുന്നുണ്ട്. 23,625 കോടി രൂപയോളമാണ് ഏകദേശ ആസ്തി.