എസ്ബിഐ ലോണുകളുടെ പലിശ ഉയരും; നിരക്ക് വർധന പ്രഖ്യാപിച്ച് മറ്റ് ബാങ്കുകളും
വായ്പാ പലിശ നിരക്ക് ഉയർത്താൻ ഒരുങ്ങി പൊതുമേഖലാ ബാങ്കുകൾ. എസ്ബിഐ എംസിഎൽആർ നിരക്ക് ഉയർത്തി. ഓഗസ്റ്റ് 15 മുതൽ ആണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നത്. അടുത്തിടെ ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യുകോ ബാങ്ക് എന്നിവയും നിരക്ക് ഉയർത്തിയിട്ടുണ്ട്. മൂന്ന് മാസത്തിനിടെ മൂന്ന് തവണയാണ് എസ്ബിഐ അടിസ്ഥാന വായ്പാ നിരക്ക് ഉയർത്തിയിരിക്കുന്നത്. വിവിധ കാലാവധിയിലെ വായ്പകളുടെ ഇഎംഐ ഉയരും.
വായ്പാ പലിശ നിരക്ക് വർധനയുടെ സൂചന നൽകിയ എസ്ബിഐ. വായ്പാ പാലിശക്ക് മാദണണ്ഡമാക്കുന്ന എംസിഎൽആർ നിരക്കിൽ വീണ്ടും വർധന. ഓഗസ്റ്റ് 15 മുതൽ ആണ് ഇതിന് പ്രാബല്യം.
എല്ലാ കാലയളവുകളിലെയും എംസിഎൽആർ നിരക്കിൽ 10 ബേസിസ് പോയിൻ്റുകൾ ആണ് വർധന വരുത്തിയിരിക്കുന്നത്. മൂന്ന് മാസത്തിനിടെ എസ്ബിഐ മൂന്നാം തവണയാണ് എംസിഎൽആർ നിരക്ക് ഉയർത്തുന്നത്.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി മാറ്റിയതിന് തൊട്ടുപിന്നാലെയാണ് എസ്ബിഐ എംസിഎൽആർ നിരക്ക് ഉയർത്തിയത് . 2024 ജൂൺ മുതൽ ഇതുവരെ എംസിഎൽആർ നിരക്കിൽ 30 ബേസിസ് പോയിൻ്റുകളുടെ വർധനയാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്.
എന്താണ് എംസിഎൽആർ നിരക്ക്
ഒരു ബാങ്കിന് വായ്പ നൽകാൻ അനുവദിക്കാൻ ആകുന്ന ഏറ്റവും കുറഞ്ഞ വായ്പാ നിരക്കാണിത്. ചില വായ്പകൾക്ക് എംസിഎൽആർ ബാധകമല്ല. എംസിഎൽആർ നിരക്കുയരുമ്പോൾ വായ്പ പലിശയും ഇഎംഐയും ഉയരും.
ലോൺ ഇഎംഐ ഉയരും
മൂന്ന് വർഷത്തെ എസ്ബിഐയുടെ പുതിയ എംസിഎൽആർ നിരത്ത് 9.1 ശതമാനമാണ്. നേരത്തെ ഇത് ഒൻപത് ശതമാനമായിരുന്നു. രണ്ട് വർഷത്തെ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എംസിഎൽആർ ഇപ്പോൾ 9.05 ശതമാനമാണ്.
ഒരു വർഷത്തെ വായ്പകൾക്ക് ബാങ്ക് 8.95 ശതമാനം എംസിഎൽആർ ഈടാക്കും. അതുപോലെ, ആറ് മാസത്തെ എംസിഎൽആറിൻ്റെ പുതുക്കിയ നിരക്ക് 8.85 ശതമാനമാണ് നേരത്തെ ഇത് 8.75 ശതമാനമായിരുന്നു.
പലിശ ഉയർത്തി മറ്റ് പൊതുമേഖലാ ബാങ്കുകളും
എസ്‌ബിഐ മാത്രമല്ല, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യുകോ ബാങ്ക് എന്നിവയുൾപ്പെടെ മറ്റ് പൊതുമേഖലാ ബാങ്കുകളും എംസിഎൽആർ നിരക്കുകൾ വ്യത്യസ്‌ത കാലയളവിൽ വർദ്ധിപ്പിച്ചിരുന്നു.
ബാങ്ക് ഓഫ് ബറോഡയും കാനറ ബാങ്കും കഴിഞ്ഞ ദിവസങ്ങളിൽ എംസിഎൽആർ പരിഷ്കരിച്ചിരുന്നു.യൂക്കോ ബാങ്കും നിരക്ക് ഉയർത്തിയിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കും 0.05 ശതമാനം എംസിഎൽആർ നിരക്കിൽ വർധന വരുത്തിയിട്ടുണ്ട്. ഒരു വർഷത്തെ കുറഞ്ഞ എംസിഎൽആർ നിരക്ക് 8.85 ശതമാനത്തിൽ നിന്ന് 8.90 ശതമാനം ആയി ആണ് ഉയർത്തിയത്.
മൂന്ന് വർഷത്തെ എംസിഎൽആർ നിരക്ക് 9.20 ശതമാനമാണ്. പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.