കൊച്ചി: രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണം ഉയരുന്നു. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം 2024 ആഗസ്റ്റ് എട്ടിന് പത്തു കോടി കടന്നു. കഴിഞ്ഞ അഞ്ചു മാസത്തിൽ അക്കൗണ്ട് തുറന്നത് ഒരു കോടി പേരാണ്.
പ്രവർത്തനമാരംഭിച്ച് 14 വർഷങ്ങൾ കൊണ്ടാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിക്ഷേപകരുടെ രജിസ്ട്രേഷൻ ഒരു കോടിയിലെത്തിയത്. അടുത്ത ഒരു കോടി രജിസ്ട്രേഷൻ പൂർത്തിയാകാൻ വീണ്ടും ഏഴു വർഷം വേണ്ടി വന്നു. വീണ്ടും അഞ്ചു വർഷം കൊണ്ടാണ് രണ്ടു കോടി രജിസ്ട്രേഷൻ പൂർത്തിയായത്. എന്നാൽ പിന്നീട് ട്രെൻഡ് മാറി. 2021 മാർച്ചിൽ നാലു കോടി നിക്ഷേപകർ എന്ന നാഴികക്കല്ല് താണ്ടാൻ 25 വർഷങ്ങൾ ആണ് വേണ്ടി വന്നത് എങ്കിൽ തുടർന്നുള്ള ഓരോ കോടി രജിസ്ട്രേഷനും മാസങ്ങൾക്കുള്ളിലാണ് പൂർത്തിയായത്. ഈ ട്രെൻഡ് തുടരുകയാണ്.
അക്കൗണ്ട് തുറക്കാൻ എളുപ്പമാണ്
പ്രതിദിനം ശരാശരി 50,000 മുതൽ 78,000 വരെ പുതിയ രജിസ്ട്രേഷനാണ് ഇപ്പോൾ നടക്കുന്നത്. ഈ രംഗത്തെ ഡിജിറ്റലൈസേഷൻ, ക്യംപെയ്നുകൾ, പ്രത്യേക അവബോധ പരിപാടികൾ എന്നിവയെല്ലാം നിക്ഷേപകരെ ആകർഷിച്ചിട്ടുണ്ട്. വിപണിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
താൽപ്പര്യവുമായി വനിതകളും
ചെറുപ്പക്കാർക്കിടയിൽ ഓഹരി വിപണി നിക്ഷേപത്തോടുള്ള താൽപ്പര്യം വർദ്ധിച്ചുവരികയാണ് ഇപ്പോൾ. പുതുതായ രജിസ്റ്റർ ചെയ്യുന്ന നിക്ഷേപകരുടെ ശരാശരി പ്രായം ഇപ്പോൾ ഏകദേശം 32 വയസാണ്. അഞ്ച് വർഷം മുമ്പ് ഇത് 38 വയസായിരുന്നു. ഇന്ന് ഓഹരി നിക്ഷേപകരിൽ ഏകദേശം 20 ശതമാനവും സ്ത്രീകളാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ബെഞ്ച്മാർക്ക് നിഫ്റ്റി 50 സൂചിക 17.5 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി 500 സൂചിക 21.1 ശതമാനമാണ് നേട്ടം ഉണ്ടാക്കിയത്.