ലോക സമ്പദ് വ്യവസ്ഥയെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് എങ്ങനെ സ്വാധീനിക്കും?
യുഎസ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. വളർന്ന് കൊണ്ടിരിക്കുന്ന വിപണികൾ, ഡോളറിൻ്റെ മൂല്യം, ക്രൂഡ് ഓയിൽ വില, സ്വർണം തുടങ്ങിയവയിലെല്ലാം യുഎസ് തിരഞ്ഞെടുപ്പ് സ്വാധീനം ചെലുത്തും. സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ എന്തായിരിക്കും ഇനിയുള്ള നിലപാട് എന്നതും ആകാംക്ഷയോടെ മിക്കവരും ഉറ്റുനോക്കുകയാണ്. ഡൊണാൾഡ് ട്രംപും കമല ഹാരിസും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.
നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഏകദേശം 24.4 കോടി ആളുകൾക്ക് ആണ് വോട്ടുചെയ്യാൻ ആകുക. രാവിലെ ഏഴു മണിക്ക് ആരംഭിച്ച് രാത്രി എട്ടു മണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുക. 2020-ൽ, യോഗ്യരായ വോട്ടർമാരിൽ ഏകദേശം മൂന്നിൽ രണ്ട് പേരായിരുന്നു തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്.
ആരായിരിക്കും അടുത്ത പ്രസിഡൻ്റ് എന്നത് യുഎസിൻ്റെ ജിഡിപി വളർച്ചയിലും നിർണായകമാകും. തൊഴിലില്ലായ്മ നിരക്ക്, പണപ്പെരുപ്പം, ഉപഭോക്താക്കളുടെ ആത്മവിശ്വാസം എന്നിവയെയും വോട്ടർമാരുടെ തീരുമാനം സ്വാധീനിക്കും. യുഎസ് സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാണ്.
ജിഡിപി വളർച്ച ഉറപ്പാക്കുന്നതിനും തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിലും പുതിയ പ്രസിഡൻ്റ് ആരെന്നത് നിർണായകമാകും. അതേസമയം ദുർഘടസമയങ്ങളെ അതിജീവിച്ച് യുഎസ് തിരിച്ചുവരുന്നതിൻ്റെ സൂചനകളുമുണ്ട്.