അദാനി യുഎസിൽ വലിയ മുതൽ മുടക്കിന് തയ്യാറെടുക്കുന്നു. 1000 കോടി ഡോളറാണ് മുതൽ മുടക്കുന്നത്. യുഎസിലെ എനർജി രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ട് വലിയ നിക്ഷേപത്തിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് അദാനി ഗ്രൂപ്പിന് നേട്ടമാകും എന്നാണ് വിലയിരുത്തൽ. പുതിയ നിക്ഷേപം 15,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും എന്നാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
എക്സിലൂടെയാണ് അദാനി പുതിയ നിക്ഷേപം പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് അഭിനന്ദനം അറിയിച്ച അദാനി പുതിയ നിക്ഷേപത്തിനുള്ള പ്രതിബദ്ധത അറിയിക്കുക കൂടെയായിരുന്നു. ഊർജമേഖലയുടെ വളർച്ച തടസ്സപ്പെടുത്തുന്ന നടപടികളാണ് ബൈഡൻ ഭരണകൂടം സ്വീകരിച്ചതെന്ന് അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട്
ട്രംപിനോട് സൂചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
ട്രംപ് കൈക്കൊള്ളുമോ അദാനിയെ?
അതേസമയം യുഎസിലെ അദാനിയുടെ നിക്ഷേപ പദ്ധതികൾക്ക് എന്തുമാത്രം പിന്തുണയുണ്ടാകുമെന്നത് സംശയമാണ്. യുഎസിലെ ഒരു ഊർജ പദ്ധതിക്കായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ അദാനിക്കെതിരെ യുഎസ് സർക്കാർ അന്വേഷണം നടത്തുകയാണെന്ന് ഈ വർഷം ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.