പ്രേമലുവിന് ശേഷം സംവിധായകന്‍ ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ നസ്‍ലെന്‍ നായകനായെത്തുന്ന ചിത്രം. ഐ ആം കാതലന്‍ എന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടാന്‍ ആ വിശേഷണം മാത്രം മതി. അത്രയായിരുന്നു പ്രേമലു സൃഷ്ടിച്ച ട്രെന്‍ഡ്. എന്നാല്‍ പ്രേമലുവിന് മുന്‍പ് ഗിരീഷ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച ഐ ആം കാതലന്‍. ഗിരീഷിന്‍റെ മറ്റ് മൂന്ന് ചിത്രങ്ങളിലേതുപോലെ പ്രണയം ഇവിടെയും വിഷയമാണെങ്കിലും അതൊരു പശ്ചാത്തലം മാത്രമാണ്.
ബി ടെക് പഠിച്ച് എന്നാല്‍ അനവധി സപ്ലികളുമായി നില്‍ക്കുന്ന ആളാണ് നസ്‍ലെന്‍, ഗിരീഷിന്‍റെ മുന്‍ ചിത്രങ്ങളിലെ നായകന്മാരുടേത് പോലെതന്നെ ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാല്‍ സവിശേഷ ശ്രദ്ധ നേടിയെടുക്കാനുള്ള കഴിവൊന്നുമില്ലാത്ത ഒരു സാധാരണ പയ്യന്‍. വീട്ടുകാര്‍ക്കും ഗേള്‍ഫ്രണ്ടിനുമൊക്കെ ഒരു ഉഴപ്പന്‍ എന്ന ഇമേജ് ഉള്ള വ്യക്തി. എന്നാല്‍ പരീക്ഷകള്‍ പാസ്സാവാനുണ്ടെങ്കിലും സാങ്കേതിക മേഖലയില്‍ അതീവ തല്‍പ്പരനാണ് വിഷ്ണു.
ഗിരീഷ് എ ഡിയുടെ മുന്‍ ചിത്രങ്ങളിലേതുപോലെതന്നെ ഒരു വിഷയത്തെ ഏറ്റവും ലളിതമായി, നമുക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന ചുറ്റുപാടുകളില്‍ രസകരമായി അവതരിപ്പിക്കുന്നത് ഐ ആം കാതലനിലും കാണാം. മുന്‍ ചിത്രങ്ങളില്‍ റൊമാന്‍സിനും കോമഡിക്കുമായിരുന്നു പ്രാധാന്യമെങ്കില്‍ ഇതില്‍ ഒരു യുവാവിന്‍റെ സാഹസികതയ്ക്കൊപ്പം പ്രേക്ഷകരെ ഒപ്പം കൂട്ടുകയാണ് സംവിധായകന്‍. ഗിരീഷ് എ ഡി ചിത്രങ്ങളില്‍ സ്വാഭാവികമായി എത്തുന്ന സിറ്റ്വേഷണല്‍ ഹ്യൂമര്‍ ഇവിടെയും ഉണ്ടെങ്കിലും പ്രാധാന്യം അതിനല്ല. ഇരിങ്ങാലക്കുടയും കൊടുങ്ങല്ലൂരാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം.
ഗിരീഷ് എ ഡിയുടെ ഇതുവരെയുള്ള എല്ലാ സിനിമകളിലും അഭിനയിച്ച നടനാണ് നസ്‍ലെന്‍. അഭിനയം തുടങ്ങിയ കളരിയും. അതിനാല്‍ത്തന്നെ ഏറ്റവും സ്വാഭാവികമായി ക്യാമറയ്ക്ക് മുന്നില്‍ പെരുമാറുന്ന നസ്‍ലെനെ ഐ ആം കാതലനിലും കാണാം. സൂപ്പര്‍ ശരണ്യയിലെയും പ്രേമലുവിലെയുമൊക്കെ കഥാപാത്രങ്ങളുമായി ചില്ലറ സാദൃശ്യങ്ങള്‍ കണ്ടെത്താമെങ്കിലും വിഷ്ണു ആത്യന്തികമായി അവരില്‍ നിന്നൊക്കെ വ്യത്യസ്തനാണ്. കൂടുതല്‍ ഗൗരവക്കാരനും ഏര്‍പ്പെട്ടിരിക്കുന്ന മിഷനില്‍ എന്ത് വില കൊടുത്തും ജയിക്കണമെന്ന വാശിയുള്ള ആളുമാണ്.