മലയാളികള്‍ അല്ലാത്തവരും മലയാള സിനിമകള്‍ കാണാന്‍ തിയറ്ററുകളിലേക്ക് എത്തുന്നു എന്നത് മോളിവുഡ് അടുത്തിടെ കൈവരിച്ച നേട്ടമാണ്. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവുമാണ് അത്തരത്തില്‍ മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ സമീപകാലത്ത് വലിയ ചര്‍ച്ചയായ ചിത്രങ്ങള്‍. ഇപ്പോഴിതാ ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡവും കേരളത്തിന് പുറത്ത് ആളെ കൂട്ടുകയാണ്. ബംഗളൂരു ഉള്‍പ്പെടെയുള്ള സെന്‍ററുകളില്‍ ചിത്രം ഹൗസ്ഫുള്‍ ആയി ഓടുന്നുണ്ട്. അതുപോലെ നിരവധി തമിഴ്, ഉത്തരേന്ത്യന്‍ റിവ്യൂവേഴ്സും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ആയിരത്തിലധികം സീറ്റുകളുള്ള, ബെംഗളൂരു തവരെക്കരെയിലെ ലക്ഷ്മി തിയറ്ററില്‍ നിന്നുള്ള ഒരു ഷോര്‍ട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിന്‍റെ ഹൗസ്‍ഫുള്‍ ഷോ ആണ് വീഡിയോയില്‍. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം ദിന്‍ജിത്ത് അയ്യത്താന്‍ ആണ്. ആസിഫ് അലിക്കൊപ്പം വിജയരാഘവനും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ്. ചിത്രസംയോജനം സൂരജ് ഇ എസ്, സംഗീതം മുജീബ് മജീദ്.