മലയാള സിനിമയുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. ഒട്ടനവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച മഞ്ജു ഒരിടവേള എടുത്തിരുന്നു. വർഷങ്ങൾക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയ താരം ഇപ്പോൾ തമിഴ് സിനിമയിൽ നിറ സാന്നിധ്യമായി മാറിയിരിക്കുന്നു. ഇതിനോടകം രണ്ട് തമിഴ് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞ മഞ്ജു വാര്യയുടെ പുതിയ ചിത്രം ആണ് വേട്ടയ്യൻ. സാക്ഷാൻ രജനികാന്തിന്റെ നായികയായാണ് മഞ്ജു എത്താൻ ഒരുങ്ങുന്നത്.
ഒക്ടോബർ 10നാണ് വേട്ടയ്യൻ തിയറ്ററുകളിൽ റിലീസ് ചെയ്യുക. ഇതിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘മനസിലായോ’ ഗാനം ട്രെന്റിങ്ങിൽ ഇടം പിടിച്ചു കഴിഞ്ഞു. ഫെസ്റ്റിവൽ മോഡിൽ അനിരുദ്ധ് അണിയിച്ചൊരുക്കിയ ഗാനരംഗത്ത് തകർത്താടുന്ന മഞ്ജു വാര്യരെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. മികച്ചൊരു കോമ്പോ ആകും രജനികാന്ത്- മഞ്ജു വാര്യർ എന്നതെന്നാണ് ഏവരും കരുതുന്നത്.
“നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ അസുരനും തുനിവിനും ശേഷം മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രം അതും തലൈവർക്കൊപ്പം ആണ്. ഒരിക്കൽ നഷ്ടമായതെല്ലാം തിരിച്ചു വരവിൽ നേടിയെടുക്കുന്ന, സ്വപ്നങ്ങൾക്ക് പിറകെ ആത്മവിശ്വാസത്തോടെ ഒരു ചെറുപുഞ്ചിരിയിൽ എല്ലാം ഒതുക്കി മുന്നേറുന്ന മലയാളത്തിന്റെ മഞ്ജു വാര്യർ” എന്നും “മഞ്ജുവാര്യർ ഇന്നും ഇങ്ങനെ തിളങ്ങി നിൽക്കുന്നു. കരിയറിൽ ഉയരങ്ങളിൽ നിൽകുമ്പോൾ വീട്ടമ്മയായി ഒതുങ്ങി. എന്നിട്ടും തിരിച്ചു സിനിമയിൽ എത്തി തമിഴ് സിനിമയിൽ കൂടി ഒരു സ്ഥാനം ഉറപ്പിക്കുന്നു. അതും ഈ പ്രായത്തിൽ. ജീവിതത്തിൽ തോറ്റു പോയ സ്ത്രീകൾക്ക് പൊരുതാൻ നിങ്ങൾ ഊർജമാണ്”, എന്നെല്ലാം കമെന്റുകൾ നിറയുന്നു. ‘മനസിലായോ’ ഗാനവും മഞ്ജു വാര്യരെയും പ്രേക്ഷകർ ഏറ്റെടുത്തു എന്നത് ഇതിൽനിന്നു ഉറപ്പിക്കാം.