കുട്ടികളെ എല്ലാ ഭക്ഷണവും കഴിപ്പിക്കാൻ അമ്മമാർ വളരെ ക്ഷമയോടെ ചില കാര്യങ്ങൾ ചെയ്യേണ്ടത് ഏറെ പ്രധാനമാണ്.
കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും അമ്മമാർക്ക് വലിയ തലവേദന തന്നെയാണ് കുട്ടികളുടെ ഭക്ഷണ കാര്യം. ഒരു പ്രായം കഴിഞ്ഞാൽ കുട്ടികൾ വളരെ സെലക്ടീവായിട്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്.
അത് വേണ്ട, ഇത് വേണ്ട, ഇഷ്ടമല്ല തുടങ്ങി പല തരത്തിലുള്ള തലവേദനകളാണ് അമ്മമാർക്ക് കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ. ഇത് കാരണം ശരിയായ പോഷകങ്ങൾ അവർക്ക് ശരീരത്തിലേക്ക് എത്താത്തതും ഒരു വലിയ വെല്ലുവിളിയാണ്.
ആരോഗ്യത്തിന് അനുയോജ്യമായ രീതിയിലുള്ള ഭക്ഷണങ്ങൾ ക്രിയേറ്റീവായിട്ട് കുട്ടികൾക്ക് നൽകേണ്ടത് വളരെ പ്രധാനമാണ്.
പല നിറത്തിലുള്ള പഴങ്ങൾ പച്ചക്കറികൾ എന്നിവയൊക്കെ പ്ലേറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. നല്ല ഓറഞ്ച്, ചുവപ്പ്, പച്ച അങ്ങനെ നിറങ്ങളാൽ സമ്പുഷ്ടമാക്കാൻ ശ്രമിക്കുക.
പോഷകത്തിൻ്റെ കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യാനും പാടില്ല. പഴങ്ങളും പച്ചക്കറികളും കഴിപ്പിക്കാൻ ശ്രമിക്കുക.
എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൻ്റെ രുചിയെയും ആകൃതിയെയുമൊക്കെ കുറിച്ച് കുട്ടികളോട് സംസാരിക്കുക.
കുട്ടികൾ പലപ്പോഴും മുതിർന്നവരെ കണ്ടാണ് എല്ലാ കാര്യങ്ങളും അനുകരിക്കുന്നത്. പ്രത്യേകിച്ച് മാതാപിതാക്കൾ ചെയ്യുന്ന കാര്യങ്ങൾ അവർ അനുകരിക്കുന്നത് പതിവാണ്. മാതാപിതാക്കൾ വ്യത്യസ്തമായ ഭക്ഷണം കഴിച്ചാൽ കുട്ടികളും അതുപോലെ ചെയ്യാൻ ശ്രമിക്കും.
കുഞ്ഞുങ്ങളുടെ വയർ പൊതുവെ വളരെ ചെറുതാണ്. കുറച്ചാണെങ്കിലും പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ നൽകാൻ ശ്രമിക്കണം. പുതിയ ഭക്ഷണത്തിൽ വേഗത്തിൽ അവർ കഴിക്കണമെന്നില്ല, എന്നാൽ ചെറിയ അളവ് കഴിച്ചാൽ പോലും അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക.
എല്ലാ കാര്യങ്ങളും കാണാനും പഠിക്കാനും കുഞ്ഞുങ്ങൾക്ക് ഇഷ്ടമാണ്. അടുക്കളയിൽ പാചകത്തിനൊപ്പം അവരെയും കൂട്ടാൻ ശ്രമിക്കുക. പച്ചക്കറികൾ കഴുകാനും, കറി ഇളക്കാനും, പാത്രത്തിൽ ഭക്ഷണം വിളമ്പാനുമൊക്കെ കുഞ്ഞിനെ കൂട്ടാൻ ശ്രമിക്കുക. ഇത് അവരെ കൂടുതൽ ഭക്ഷണത്തോട് അടുക്കാൻ സഹായിക്കും.