പല വീടുകളുടെ മുറ്റത്തും കാണുന്ന ക്രാൻബെറി അഥവാ ലോലോലിക്ക നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, ഇ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി. ഡയറ്റില്‍ ലോലോലിക്ക ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഹൃദയാരോഗ്യം
ക്രാൻബെറികളിൽ ആന്‍റി ഓക്‌സിഡന്‍റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
ചർമ്മത്തിന്‍റെ ആരോഗ്യം
ക്രാൻബെറികളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ പോഷകമാണ്. ഇത് ചർമ്മത്തിലെ ചുളിവുകളെയും നേർത്ത വരകളെയും തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ദഹനം
നാരുകള്‍ അടങ്ങിയ ക്രാൻബെറികൾ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. കൂടാതെ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
രോഗ പ്രതിരോധശേഷി കൂട്ടാന്‍
വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവയാൽ സമ്പുഷ്ടമായ ക്രാൻബെറി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
എല്ലുകളുടെ ആരോഗ്യം
ക്രാൻബെറികളിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. വിറ്റാമിൻ കെ കാത്സ്യത്തിന്‍റെ ആഗിരണത്തെ മെച്ചപ്പെടുത്തും.