മുടികൊഴിച്ചിൽ എന്ന പ്രശ്നം പലരും നേരിടുന്നതാണ്. പ്രായമാകുമ്പോൾ മുടി കൊഴിയുന്നത് സ്വാഭാവികമാണെങ്കിലും എല്ലാ പ്രായക്കാരും ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടിയുടെ സാധാരണ വളർച്ചാ ചക്രത്തിൻ്റെ ഭാഗമായി ദിവസവും കുറച്ച് മുടി കൊഴിയുന്നത് സ്വാഭാവികമാണ്. പലർക്കും നഷ്ടപ്പെടുന്ന മുടി പിന്നെയും വളരുകയും തലമുടി പൂർണമായും നിലനിർത്തണമെന്നും ആഗ്രഹമുണ്ട്. എന്നാൽ അസുഖം, ഹോർമോൺ മാറ്റങ്ങൾ, സമ്മർദ്ദം, വാർദ്ധക്യം, പാരമ്പര്യ അവസ്ഥകൾ എന്നിവ മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തും. കൊഴിഞ്ഞ് പോകുന്ന മുടി വളരാതിരിക്കുന്നത് പലപ്പോഴും പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കാറുണ്ട്. മുടികൊഴിച്ചിൽ മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാനവുന്ന ധാരാളം പൊടിക്കൈകളുണ്ട്. വിപണിയിൽ നിന്ന് ലഭിക്കുന്ന കെമിക്കലുകൾ നിറഞ്ഞ ഉത്പ്പന്നങ്ങൾ പലപ്പോഴും മുടിയ്ക്ക് ഹാനികരമായി മാറാറുണ്ട്.
കറിവേപ്പില പൊടി
മുടിയ്ക്ക് വളരെ നല്ലതാണ് കറിവേപ്പില. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും അതുപോലെ പായ്ക്കുകളിൽ ഉൾപ്പെടുത്തുന്നതും മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ ഏറെ സഹായിക്കും. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ആരോഗ്യത്തോടെ വയ്ക്കാൻ ഏറെ സഹായിക്കുന്നു. ഇതിലെ പ്രോട്ടീനും ബീറ്റാ കരോട്ടിനും മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർത്താനും സഹായിക്കുന്നതാണ്.
തൈര്
മുടികൊഴിച്ചിൽ മാറ്റാൻ ഏറ്റവും മികച്ച ഒരു ചേരുവയാണ് തൈര്. ഇത് മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും മുടിയെ വേഗത്തിൽ വളരാനും സഹായിക്കുന്നു. മുടിയെ കണ്ടീഷണിംഗ് ചെയ്യാനും അതുപോലെ ബലപ്പെടുത്താനും തൈര് നല്ലതാണ്. മുടിയ്ക്ക് നല്ല തിളക്കം കൂട്ടാനും തൈര് സഹായിക്കാറുണ്ട്. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡും അതുപോലെ പ്രോട്ടീനുമാണ് മുടി വളർച്ചയ്ക്ക് ഏറെ സഹായിക്കുന്നത്.
കഞ്ഞി വെള്ളം
മുടിയ്ക്ക് വളരെ നല്ലതാണ് കഞ്ഞിവെള്ളം. മുടിയെ മൃദുവാക്കാനും തിളക്കം കൂട്ടാനും ഇത് ഏറെ നല്ലതാണ്. എല്ലാ വീടുകളിലും കഞ്ഞിവെള്ളം ധാരാളമായി ലഭിക്കാറുണ്ട് ഇത് വെറുതെ കളയാതെ മുടിയ്ക്കായി ഉപയോഗിക്കാം. അമിനോ ആസിഡ്, വൈറ്റമിൻ ഇ, ബി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയൊക്കെ ഇത് അടങ്ങിയിട്ടുണ്ട്. മുടി പൊട്ടി പോകുന്നത് തടയാൻ പോലും കഞ്ഞി വെള്ളം വളരെയധികം സഹായിക്കും.
പായ്ക്ക് തയാറാക്കാൻ
ഇതിനായി ഒരു പാത്രിത്തിൽ മുടിയുടെ നീളത്തിന് അനുസരിച്ചുള്ള കറിവേപ്പില പൊടി എടുക്കുക. ഇനി ഇതിലേക്ക് അൽപ്പം തൈരും കുറച്ച് കഞ്ഞിവെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ പായ്ക്ക് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. അതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് മുടി കഴുകി വ്യത്തിയാക്കാവുന്നതാണ്. ഏത് പായ്ക്ക് ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്ത് നോക്കാൻ മറക്കരുത്. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അത് ഒഴിവാക്കാൻ ഇത് സഹായിക്കും.