മുഖത്തുണ്ടാകുന്ന പാടുകളും ചുളിവുകളും എല്ലാം മുഖത്തിന് പ്രായമേറെ തോന്നിപ്പിയ്ക്കുന്ന കാര്യങ്ങളാണ്. പ്രായമാകുമ്പോള്‍ ഇത് സ്വാഭാവികമാണ്. എന്നാല്‍ പ്രായക്കുറവെങ്കിലും ചിലര്‍ക്കീ പ്രശ്‌നമുണ്ടാകും. ഇതിന് പല കാരണങ്ങളും കാണുകയും ചെയ്യും. സ്‌ട്രെസ്, പോഷകക്കുറവ്, ഉറക്കക്കുറവ്, കെമിക്കലുകളുടെ ഉപയോഗം, അമിതവണ്ണം എന്നിവയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇതിനായി പലരും കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് പതിവ്. എന്നാല്‍ ഇതല്ലാതെ തികച്ചും നാച്വറല്‍ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
വെളിച്ചെണ്ണ
ഇത്തരത്തില്‍ ഒന്നാണ് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള വഴി. വെളിച്ചെണ്ണ സൗന്ദര്യ, മുടി സംരക്ഷണത്തിന് മികച്ചതാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പ് പല ചര്‍മപ്രശ്‌നങ്ങള്‍ക്കും ഉള്ള നല്ലൊരു പരിഹാരമാണ്.
ചെറുനാരങ്ങ
ഇതില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കും. ചര്‍മ സൗന്ദര്യത്തിന് ഏറെ നല്ലതാണ് ചെറുനാരങ്ങ. ഇത് ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം നീക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമാണ് ഇത്. ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്ന് കൂടിയാണ് ചെറുനാരങ്ങ. നാരങ്ങാനീരില്‍ അസ്‌കോര്‍ബിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതാണ് വൈറ്റമിന്‍ സി രൂപത്തില്‍ അടങ്ങിയിരിയ്ക്കുന്നത്. പിഗ്മന്റേഷന്‍ പോലുളള പല പ്രശ്‌നങ്ങള്‍ക്കും ചര്‍മത്തിന് തിളക്കവും നിറവും നല്‍കാനുമെല്ലാം ഇതേറെ നല്ലതാണ്.
തക്കാളി
ഇതില്‍ ചേര്‍ക്കുന്ന അടുത്ത ചേരുവ തക്കാളിയാണ്. തക്കാളിയ്ക്കും ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെയുണ്ട്. ഇതിലെ ലൈക്കോപീന്‍ എന്ന ഘടകം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നു. ചർമത്തിനുള്ള ഏറ്റവും മികച്ച ഒരു എക്സ്ഫോളിയേറ്ററായി തക്കാളി പ്രവർത്തിക്കും. ഇതിൽ ചർമത്തെ പരിപോഷിപ്പിക്കുന്ന നിരവധി എൻസൈമുകൾ കൊണ്ട്നിറഞ്ഞിരിക്കുന്നു.
തയ്യാറാക്കാന്‍
ഇത് തയ്യാറാക്കാന്‍ എളുപ്പമാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക. ഇതില്‍ തക്കാളി നീരും നാരങ്ങാനീരും ചേര്‍ത്തിളക്കുക. ഇത് മുഖം വൃത്തിയായി കഴുകിയ ശേഷം തേച്ചു പിടിപ്പിയ്ക്കാം. അര മണിക്കൂര്‍ ശേഷം കടലമാവോ ഇതുപോലെയുള്ള നാച്വറല്‍ വഴികളോ ഉപയോഗിച്ച് കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്ന് ദിവസം ചെയ്യാവുന്നതാണ്. ഇതുപോലെ തന്നെ ഇതില്‍ വെളിച്ചെണ്ണ ചേര്‍ത്താല്‍ മുഖക്കുരു പ്രശ്‌നങ്ങള്‍ എങ്കില്‍ ഫ്‌ളാക്‌സ് സീഡ് ജെല്‍ ചേര്‍ക്കാം. ഇതെല്ലാം പുരട്ടി നല്ലതുപോലെ മസാജ് ചെയ്യാം. വെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്.