ഹൃദയത്തിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിൽ യോഗയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇതിനായി നിങ്ങൾക്ക് ശീലിക്കാവുന്ന ചില യോഗാസനങ്ങൾ പരിചയപ്പെടാം.
നിങ്ങളുടെ ശരീരത്തിന്റെ വഴക്കം വർദ്ധിപ്പിക്കുന്നതിനും പേശികളെ ശക്തിപ്പെടുത്തുന്നതിനും സമ്മർദ്ദത്തിൽ നിന്ന് മോചനം നേടുന്നതിനും ശക്തി വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് യോഗ. ആഴത്തിലുള്ള ശ്വസനവുമായി ചേർന്ന് ഒരു പ്രത്യേക ഭാവത്തിൽ തുടരുന്നതാണ് യോഗയിൽ പ്രധാനം.
നിങ്ങളുടെ ശരീരം അകത്ത് നിന്ന് ശുദ്ധീകരിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വിവിധ അവയവങ്ങൾക്ക് ഗുണം ചെയ്യുന്നതിനും യോഗ വളരെയേറെ സഹായിക്കുന്നു. യോഗയിൽ നിരവധി ശ്വസന വ്യായാമങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, അതിൽ നിന്ന് ഏറ്റവും പ്രയോജനം ലഭിക്കുന്നത് നമ്മുടെ ശ്വസനവ്യവസ്ഥയ്ക്കാണ്.
ഇത് ശരിയായ രക്തചംക്രമണം ഉണ്ടാകുവാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നമ്മുടെ ഹൃദയാരോഗ്യവും യോഗയിലൂടെ മെച്ചപ്പെടുന്നതാണ്.
ആരോഗ്യകരമായ ഹൃദയം നിലനിർത്തുന്നത് ഉറപ്പാക്കാൻ കഴിയുന്ന ഏറ്റവും അടിസ്ഥാനവും എളുപ്പവുമായ യോഗാസനങ്ങൾ ഇതാ.
അഞ്ജലി മുദ്ര
നമ്മുടെ ‘നമസ്‌തേ’യ്‌ക്ക് സമാനമായി, തറയിൽ കാലുകൾ ചമ്രംപടിഞ്ഞ് ഇരുന്ന് നിങ്ങളുടെ കൈപ്പത്തികൾ ചേർത്ത് നെഞ്ചിന്റെ മധ്യഭാഗത്തേക്ക് (ഹൃദയ ചക്ര) കൈക്കുപ്പി വച്ച് ഇരിക്കുക. ഇത് രണ്ട് വശങ്ങളുടെയും (വലതും ഇടതും) യോജിപ്പിനെ പ്രതിനിധീകരിക്കുന്നു. ഇനി കണ്ണുകൾ അടച്ച് പതുക്കെ ശ്വസിക്കുക, കുറച്ച് മിനിറ്റ് ശ്വാസം പിടിക്കുക, തുടർന്ന് ശ്വാസം വിടുക. കുറച്ച് മിനിറ്റ് നേരം ഇങ്ങനെ ഇരുന്നുകൊണ്ട് ശ്വാസോച്ഛ്വാസം തുടരുക.
വീരഭദ്രാസനം (വാരിയർ പോസ്)
താടാസനത്തിലേക്ക് പോകുകയും തുടർന്ന് നിങ്ങളുടെ കാലുകളിലൊന്ന് പിന്നിലേക്ക് നീട്ടുകയും, മറ്റേ കാൽ തൊണ്ണൂറ് ഡിഗ്രിയിൽ കാൽ മട്ട് മടക്കി മുന്നോട്ടേക്ക് വച്ച്, നിങ്ങളുടെ കൈകൾ നിങ്ങളുടെ തലയ്‌ക്ക് മുകളിലേക്ക് നീട്ടി കൈപ്പത്തികൾ കൂട്ടി വയ്ക്കുക.
നിങ്ങൾക്ക് ഇത് കൂടുതൽ വീരഭദ്രസന II എന്ന നിലയിലേക്കും കൊണ്ടുപോകാം, അതിൽ നിങ്ങൾ ഒരു കൈ മുന്നോട്ടേക്ക് നീട്ടി പിടിക്കുകയും, മറ്റേ കൈ പുറകിലേക്കും നീട്ടി പിടിച്ച് നെഞ്ച് നിവർത്തി വീരഭദ്രാസന ഭാവത്തിൽ നിൽക്കുക.
സേതു ബന്ധാസനം (ബ്രിഡ്ജ് പോസ്)
മലർന്ന് കിടന്ന്, കൈകൾ ഇരു വശങ്ങളിലായി നീട്ടി വയ്ക്കുക. ശേഷം കാലുകൾ അല്പം അകത്തി മുട്ടുകൾ മടക്കുക. എന്നിട്ട് കൈകൾക്ക് ബലം കൊടുത്തുകൊണ്ട് സാവധാനം ഇടപ്പിന്റെ ഭാഗം മുകളിലേക്ക് ഉയർത്തുക.
കൈകൾ നിലത്ത് ഉറപ്പിച്ച പിന്തുണയോടെ കുറച്ച് നേരം ഈ സ്ഥാനത്ത് തുടർന്ന്, പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുക. ഇത് നിങ്ങളുടെ ഇടുപ്പ്, തുട, വയർ, പുറം ഭാഗം എന്നിവിടങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.
ത്രികോണാസനം (ട്രായാംഗിൾ പോസ്)
ത്രികോണാസനം എന്നത് നിന്നുകൊണ്ട് ചെയ്യുന്ന ഒരു ആസനമാണ്. ആഴത്തിൽ ശ്വാസം എടുത്തതുകൊണ്ട് ഇത് ചെയ്യുവാൻ ആരംഭിക്കുക, കാലുകൾ അല്പം അകത്തി വയ്ക്കുക, വലത് കാൽ പുറത്തേക്ക് വയ്ക്കുക, കൈകൾ വിശാലമായി
ഇരുവശങ്ങളിലേക്കും പിടിച്ച്, ഇടത്തെ കൈ ഉയർത്തി ഇടത്തെ ചെവിയുടെ വശത്തേക്ക് ചേർത്ത് പിടിച്ച് ശരീരം വലതുവശത്തേക്ക് ചെരിക്കുക. പതുക്കെ താഴേക്ക് അഭിമുഖമായി പോകുക. ഈ സമയം വലതു കൈപ്പത്തി നിലത്തോ വലത്തെ കാലിന്റെ അറ്റത്തോ പിടിക്കുക. ഇത് ചെയ്ത് കഴിഞ്ഞ്, അതുപോലെ ഇടത് വശത്തേക്കും ചെയ്യുക.
ശവാസനം
കണ്ണുകൾ അടച്ച്, കൈകൾ ഇരുവശങ്ങളിലും നിവർത്തി വച്ച്, കാലുകൾ നീട്ടി വച്ച് മലർന്ന് കിടക്കുക. നിങ്ങളുടെ കണങ്കാലുകൾ ഇരുവശത്തേക്കും തളർത്തിയിടുക.
ഓരോ ശ്വാസം എടുക്കുമ്പോഴും നിങ്ങൾ തറയിലേക്ക് ഉരുകിച്ചേരുന്നത് പോലെ പതുക്കെ ശ്വാസം എടുക്കുകയും പുറത്തേക്ക് കളയുകയും ചെയ്യുക. കുറഞ്ഞത് 5 മിനിറ്റ് നേരം ഈ നിലയിൽ കിടക്കുന്നത് തുടരുക.
സൂര്യ നമസ്‌കാരം
ഏറ്റവും അടിസ്ഥാനപരമായ യോഗാസങ്ങളിൽ ഒന്നും, ഏറ്റവും അറിയപ്പെടുന്നതും വ്യാപകമായി ചെയ്യുന്നതുമായ ആസനങ്ങളിലൊന്നായ സൂര്യ നമസ്‌കാരം സൂര്യനെ അഭിവാദ്യം ചെയ്യുക എന്നാണ് അർത്ഥമാക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പന്ത്രണ്ട് വ്യത്യസ്ത യോഗാസനങ്ങളുടെ ഒരു പരമ്പര ഇതിൽ ഉൾപ്പെടുന്നു.
സൂര്യ നമസ്കാരം ചെയ്യുന്നത് കൊണ്ട് മുഴുവൻ ശരീരത്തിനും ഗുണം ചെയ്യുന്നത്, അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന പന്ത്രണ്ട് വ്യത്യസ്ത യോഗാസനങ്ങൾ മൂലമാണ് എന്നതാണ് കാര്യം. ഉദാഹരണത്തിന്, അടിസ്ഥാന പ്രാർത്ഥന ഭാവം, ഫോർവേഡ് ബെൻഡ്, ഭുജംഗാസനം (കോബ്ര പോസ്) എന്നിവ.
ഭുജംഗാസനം (കോബ്ര പോസ്)
ഈ യോഗാസനം നിങ്ങളുടെ നട്ടെല്ല്, തോൾ ഭാഗം, അടിവയർ എന്നിവയിൽ നന്നായി പ്രവർത്തിക്കുന്നു, മാത്രമല്ല സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതിനായി നിങ്ങൾ കൈകൾ നെഞ്ചിനോട് ചേർത്ത് വച്ച് കമിഴ്ന്ന് കിടക്കുക. ശേഷം, കൈകൾ കുത്തി വച്ച് പതുക്കെ നെഞ്ചിന്റെ ഭാഗം മുകളിലേക്ക് ഉയർത്തുക. നിങ്ങളുടെ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ വയറിന്റെ ഭാഗത്തെ നീട്ടലും നട്ടെല്ല് നിങ്ങളുടെ നിതംബത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതും അനുഭവിക്കുക.
പശ്ചിമോത്താസനം (സീറ്റഡ് ഫോർവേഡ് ബെൻഡ്)
നിങ്ങളുടെ കാലുകൾ ചേർത്ത് വച്ച് മുന്നിലേക്ക് നീട്ടി ഇരിക്കുക. ശേഷം, മുട്ടു മടക്കാതെ തന്നെ മുന്നോട്ട് കുനിഞ്ഞ് കൈകൾ നീട്ടി കാലിൽ സ്പർശിക്കാൻ ശ്രമിക്കുക. സാധ്യമെങ്കിൽ കാൽമുട്ടുകളിൽ തല വിശ്രമിക്കാൻ പോലും നിങ്ങൾക്ക് ശ്രമിക്കാം.
ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്തുന്നതിന് ഈ ആസനം മികച്ചതാണ്. ഇത് അമിതമായ ഹൃദയമിടിപ്പ് കുറയ്ക്കുന്നതിനും നിങ്ങളുടെ ശരീരത്തെ വിശ്രമിപ്പിക്കുന്നതിനും സഹായിക്കുന്നു.
താടാസനം (മൗണ്ടൻ പോസ്)
ഏറ്റവും അടിസ്ഥാനവും എളുപ്പവുമായ യോഗാസനങ്ങളിൽ ഒന്ന് താടാസനം. ഈ യോഗാസനം ശരീരം വിശ്രമിക്കാനും സമ്മർദ്ദം നേരിടാനും ആഴത്തിലുള്ള ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ കാലുകൾ അല്പം അകലത്തിൽ വച്ച് നിവർന്ന് നിൽക്കുക, നിങ്ങളുടെ കൈകൾ മുകളിലേക്ക് എടുക്കുക, അവയെ ‘നമസ്‌തേ’ അല്ലെങ്കിൽ അഞ്ജലി മുദ്രയിൽ ഒരുമിച്ച് ചേർക്കുക. ആഴത്തിലുള്ള ശ്വാസം എടുത്ത് ശരീരം വലിച്ചുനീട്ടുക.
ദണ്ഡാസനം (സ്റ്റിക്ക് പോസ്)
കൈകൾ നെഞ്ചിന്റെ ഭാഗത്ത് വച്ച് കമിഴ്ന്ന് കിടക്കുക. ഇനി നിങ്ങൾ കൈകൾ കുത്തി, കൈപ്പത്തികളിലും കാൽ പാദങ്ങളിലും ശക്തി കൊടുത്ത് കൊണ്ട് നിങ്ങളുടെ ശരീരം മുകളിലേക്ക് ഉയർത്തുക, ശ്വാസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.