74 മൃതശരീരങ്ങൾ ഇനിയും തിരിച്ചറിഞ്ഞില്ല, പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും; നടപടികൾ തുടങ്ങി
തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.
കൽപ്പറ്റ : വയനാട്ടിൽ പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും.
കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും.
മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്.
86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരുണ്ട്. ഉരുള്‍പ്പൊട്ടലിൽ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.