ന്യൂഡൽഹി: പ്രധാനമന്ത്രി മുദ്രാ യോജന (പിഎംഎംവൈ) യുടെ വായ്പാ പരിധി 20 ലക്ഷം രൂപയായി ഉയർത്തിയ കേന്ദ്ര ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തിൽ വന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ചു. പുതിയ വിഭാഗം വായ്പയായ തരുൺ പ്ലസിലൂടെ 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ സംരംഭകർക്ക് അനുവദിക്കും. തരുൺ വായ്പാ വിഭാഗത്തിന് കീഴിൽ മുൻപ് ലഭിച്ച വായ്പകൾ, വിജയകരമായി തിരിച്ചടച്ചിട്ടുള്ള സംരംഭകർക്കാണ് ഈ വായ്പ ലഭ്യമാകുക. 20 ലക്ഷം രൂപ വരെയുള്ള വായ്പകളുടെ ഈട്, മൈക്രോ യൂണിറ്റുകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടിന് (സിജിഎഫ്എംയു) കീഴിൽ നൽകും.
മതിയായ സാമ്പത്തികം ലഭിക്കാത്ത സംരംഭകർക്ക് ജാമ്യമില്ലാതെ ധനസഹായം നൽകുക എന്നതാണ് മുദ്രാ യോജനയുടെ ലക്ഷ്യം. വായ്പാ പരിധി ഉയർത്താനുള്ള തീരുമാനം മുദ്രാ യോജനയുടെ ലക്ഷ്യം നിറവേറ്റാൻ കൂടുതൽ സഹായിക്കുമെന്നാണ് ധനമന്ത്രാലയം കരുതുന്നത്. ഭാവിയിലെ സംരംഭകർക്ക് അവരുടെ വളർച്ചയും വികാസവും സുഗമമാക്കുന്നതിന് വായ്പാ പരിധിയിലെ വർധന പ്രയോജനകരമാണ്.
ഇക്കഴിഞ്ഞ ജൂലായ് 23ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024-25ലെ കേന്ദ്ര ബജറ്റിലാണ് പ്രധാനമന്ത്രി മുദ്രാ യോജന (പിഎംഎംവൈ) പ്രകാരമുള്ള മുദ്ര വായ്പകളുടെ പരിധി നിലവിലെ 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്തിയത്.
വായ്പാ പരിധി 50,000 രൂപ വരെ അനുവദിക്കുന്നത് ശിശു വിഭാഗത്തിലും 50,000 മുതൽ അഞ്ച് ലക്ഷം വരെ അനുവദിക്കുന്നത് കിഷോർ വിഭാഗത്തിലും അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ അനവദിക്കുന്നത് തരുൺ വിഭാഗത്തിലുമായിരുന്നു. പുതിയ വിഭാഗമായ തരുൺ പ്ലസിലൂടെയാണ് വായ്പ 10 ലക്ഷം മുതൽ 20 ലക്ഷം വരെ അനുവദിക്കുക.