അജിത് പവാര്‍ ബാരാമതിയില്‍ വിട്ടേക്കും; മകനെ കളത്തിലിറക്കും; പോരാട്ടം ഈ 2 മണ്ഡലങ്ങളില്‍.
പവാര്‍ കുടുംബത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നു. അജിത് പവാര്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് സൂചന. പവാര്‍ കുടുംബത്തിന്റെ കോട്ടയായ ബാരാമതിയില്‍ നിന്ന് ഇത്തവണ മകനായ ജയ് പവാറിനെ മത്സരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ പിടിച്ചുനില്‍ക്കേണ്ടത് അജിത് പവാറിന് ആവശ്യമാണ്.
ജയ് പവാര്‍ രംഗത്തിറങ്ങിയാല്‍ ഭരണവിരുദ്ധ വികാരത്തെ മാത്രമല്ല, പവാര്‍ കുടുംബത്തിലെ വോട്ടുകളെ ഭിന്നിപ്പിക്കാനും സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടേതും എന്‍സിപി പാര്‍ലമെന്ററി ബോര്‍ഡിന്റേതുമായിരിക്കും.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അജിത് പവാറിന്റെ എന്‍സിപിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമാണ്. എന്നാല്‍ ശരത് പവാര്‍ വിഭാഗം ഇതിനോടകം കരുത്ത് തെളിയിച്ചതാണ്. ബാരാമതി നിയമസഭാ തിരഞ്ഞെടുപ്പില്‍ അഗാഡി സഖ്യം പിടിച്ചെടുക്കുമെന്ന് എന്‍സിപി കരുതുന്നുണ്ട്.
അജിത് പവാറിനെതിരെ നിലവില്‍ ഭരണവിരുദ്ധ വികാരവും, പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയെന്ന വികാരവും ഒരുമിച്ചുണ്ട്.
ജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ബാരാമതിയിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്ന് അജിത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് മത്സരിക്കാന്‍ യാതൊരു താല്‍പര്യവുമില്ലെന്നും അജിത് വ്യക്തമാക്കി.
ഇതിനോടകം ഏഴ് തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചിട്ടുണ്ട്. ജയ് മത്സരിക്കണമെന്ന് ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും തീരുമാനിച്ചാല്‍ തീര്‍ച്ചയായും അവന്‍ തന്നെ മത്സരിക്കും. എന്‍സിപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ആ തീരുമാനത്തെ ഞങ്ങള്‍ അംഗീകരിക്കുമെന്നും അജിത് പവാര്‍ പറഞ്ഞു.
അതേസമയം ബാരാമതിയില്‍ നിന്ന് തന്ത്രപരമായി അജിത് പവാര്‍ മറ്റൊരു മണ്ഡലത്തിലേക്ക് മാറാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അഹമ്മദ്‌നഗറിലെ കാര്‍ജാത്-ജാംഖേഡ് മണ്ഡലത്തില്‍ നിന്ന് അജിത് മത്സരിക്കുമെന്നാണ് സൂചന.
ഇത് നിലവിലെ എംഎല്‍എ രോഹിത് പവാറിന് വലിയ വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്. ബിജെപിയുടെ രാം ഷിന്‍ഡെയെ പരാജയപ്പെടുത്തിയാണ് രോഹിത് പവാര്‍ നേരത്തെ നിയമസഭയിലെത്തിയത്.
ബാരാമതിയില്‍ തന്റെ ഭാര്യയെ സുപ്രിയ സുലെയ്‌ക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് വലിയ പിഴവാണെന്ന് നേരത്തെ അജിത് പവാര്‍ സമ്മതിച്ചിരുന്നു.
സുപ്രിയ സുലെയ്‌ക്കെതിരെ സുനേത്ര മത്സരിപ്പിക്കാനുള്ള തീരുമാനം അജിത്തിന്റേത് അല്ല എന്നറിയാം. അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ നിങ്ങളുടെ സഖ്യകക്ഷികള്‍ അത് സമ്മതിക്കുന്നില്ല.
അവര്‍ നിങ്ങളാണ് തീരുമാനം എടുത്തതെന്ന് പറയുന്നുണ്ട്. ഡല്‍ഹിയില്‍ ഇരിക്കുന്ന ഗുജറാത്ത് നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇതെല്ലാം നടന്നതെന്നും രോഹിത് പവാര്‍ പറഞ്ഞു.