തനിക്കെതിരെ ഇഡി റെയ്ഡിന് നീക്കമെന്ന് രാഹുൽ;’ചായയും ബിസ്കറ്റും തരാം,കാത്തിരിക്കുന്നു’
ഡൽഹി: പാർലമെന്റിലെ ‘ചക്രവൂഹ്യ’പ്രസംഗത്തിൽ കോപാകുലരായ കേന്ദ്രസർക്കാർ തനിക്കെതിരെ ഇഡി റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഇക്കാര്യം പങ്കിട്ടത്. ഇഡിയിൽ നിന്നുള്ള ചിലരാണ് തന്നോട് ഇക്കാര്യം അറിയിച്ചതെന്നും രാഹുൽ ട്വീറ്റിൽ പറഞ്ഞു.
‘എൻ്റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. ഒരു റെയ്ഡ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഇഡിയിൽ തന്നെയുള്ള ചിലർ എന്നോട് പറഞ്ഞു. ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു, ചായയും ബിസ്കറ്റും റെഡിയാണ്’, രാഹുൽ ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്നായിരുന്നു പാർലമെന്റിലെ രാഹുലിന്റെ പ്രസംഗം. അദാനിയും അംബാനിയും അടക്കം ആറ് പേർ ചേർന്നാണ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
‘ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, കുരുക്ഷേത്രയിൽ ആറ് പേർ അഭിമന്യുവിനെ ഒരു ‘ചക്രവ്യൂഹ’ത്തിൽ കുടുക്കി കൊന്നു ആ ‘ചക്രവ്യൂഹത്തിന്’ പത്മവ്യൂഹം എന്നും വിളിക്കാം – അതായത് ‘താമര രൂപീകരണം’. 21-ാം നൂറ്റാണ്ടിൽ ഒരു പുതിയ ‘ചക്രവ്യൂഹം’ രൂപപ്പെട്ടിരിക്കുന്നു – അതും താമരയുടെ രൂപത്തിൽ , മോദി ആ ചിഹ്നത്തെ നെഞ്ചിൽ പേറുന്നു.
അഭിമന്യുവിനോട് ചെയ്തത് ഇന്ത്യയോട് ചെയ്യുന്നു. യുവാക്കൾ, കർഷകർ, സ്ത്രീകൾ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ എല്ലാം അനുഭവിക്കുകയാണ്. ഇന്നും’ചക്രവ്യൂഹ’ത്തിൻ്റെ നിയന്ത്രിക്കുന്നത് പേരാണ് -നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അംബാനി, അദാനി. എന്നിവരാണവർ’, എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
അതേസമയം ദുരന്തഭൂമിയായ വയനാട്ടിൽ രാഹുൽ കഴിഞ്ഞ ദിവസം സന്ദർശിച്ചു. സഹോദരിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കയ്ക്കൊപ്പമായിരുന്നു അവർ എത്തിയത്. ദുരിതാശ്വാസ ക്യമ്പുകളിലും ദുരന്തമുണ്ടായ ചൂരൽമലയിലും ഇരുവരും സന്ദർശിച്ചു. അച്ഛന്‍ മരിച്ചപ്പോള്‍ അനുഭവപ്പെട്ടതിന് സമാനമാണ് ഇപ്പോഴത്തെ തന്റെ മാനസികാവസ്ഥ എന്നായിരുന്നു സന്ദർശനത്തിന് ശേഷം രാഹുൽ പറഞ്ഞത്.
തന്നെ സംബന്ധിച്ചിടത്തോളം ഇത് ദേശീയ ദുരന്തമാണ്. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് നോക്കാം. ആരേയും കുറ്റപ്പെടുത്താനോ വിഷയം രാഷ്ട്രീയമാക്കാനോ താത്പര്യമില്ല. സർവ്വതും നഷ്ടപ്പെട്ട് വേദന അനുഭവിക്കുന്നവരെ കാണുകയെന്നത് എളുപ്പമല്ല. അവരോടൊപ്പം തന്നെ താനുണ്ടാകും. ദുരന്തം അതിജീവിച്ചവർക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്നും രാഹുൽ ഉറപ്പ് നൽകി.