2024ന്‍റെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മൂന്ന് സ്മാര്‍ട്ട്ഫോണുകളും അമേരിക്കന്‍ ബ്രാന്‍ഡായ ആപ്പിളിന്‍റെത്. അതേസമയം ആദ്യ പത്തില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ചത് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങിന്‍റെ ഗ്യാലക്‌സി ഫോണുകളാണ് എന്നും കൗണ്ടര്‍പോയിന്‍റ് പ്രസിദ്ധീകരിച്ച കണക്കുകളില്‍ പറയുന്നു. 2023ന്‍റെ മൂന്നാംപാദത്തില്‍ ആദ്യ നാല് സ്ഥാനത്തും ഐഫോണ്‍ മോഡലുകളായിരുന്നു.
ഐഫോണ്‍ 15 സിരീസ് സ്മാര്‍ട്ട്ഫോണുകളാണ് 2024ന്‍റെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞവയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഐഫോണ്‍ 15 ഒന്നും ഐഫോണ്‍ 15 പ്രോ മാക്‌സ് രണ്ടും ഐഫോണ്‍ 15 പ്രോ മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഗ്യാലക്‌സി എ15 4ജി, ഗ്യാലക്‌സി എ15 5ജി എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. ഗ്യാലക്‌സി എ35 5ജിയാണ് ആറാം സ്ഥാനത്ത്. ഗ്യാലക്‌സി എ05 ഏഴാം സ്ഥാനത്തെത്തി. പട്ടികയില്‍ എട്ടാമതും ഐഫോണിന്‍റെ സാന്നിധ്യമുണ്ട്.
ഒരു കലണ്ടര്‍ വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഇതാദ്യമായാണ് പ്രോ വേരിയന്‍റുകള്‍ ആകെ ഐഫോണ്‍ വില്‍പനയില്‍ പാതി പങ്കുവഹിക്കുന്നത്. ഹൈ-എന്‍ഡ് സ്മാര്‍ട്ട്ഫോണുകള്‍ക്കായി ആവശ്യക്കാരേറുന്നത് ആപ്പിളിന്‍റെ സ്റ്റാന്‍ഡേര്‍ഡ്, പ്രോ മോഡലുകള്‍ക്കിടെയുണ്ടായിരുന്ന വില്‍പന അകലം കുറിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പട്ടികയില്‍ ഇടംപിടിച്ച സാംസങ് ഗ്യാലക്‌സിയുടെ അഞ്ചില്‍ നാല് സ്മാര്‍ട്ട്ഫോണുകളും ബജറ്റ്-ഫ്രണ്ട്‌ലിയായ എ സിരീസില്‍ വരുന്നവയാണ്.