വിൻഡോസ് ഉപഭോക്താക്കളാണെങ്കിൽ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറുകളിലൂടെ ലഭ്യമാകുന്ന ആപ്പിൾ മാപ്പ് സേവനം പ്രയോജനപ്പെടുത്താം
ആപ്പിൾ മാപ്പ് ഇനി മുതൽ വെബിലും ലഭിക്കും. ഇതിന്റെ ബീറ്റ വേർഷനാണ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചത്. മാത്രമല്ല, മൊബൈൽ വേർഷനിൽ ലഭ്യമാകുന്ന എല്ലാ വിവരങ്ങളും ഇനി വെബ് വേർഷനിലും ലഭ്യമാകുമെന്ന ഗുണവുമുണ്ട്.
ലോകത്തെവിടെയുള്ളവർക്കും അവരവരുടെ ബ്രൗസറുകൾ വഴി ആപ്പിൾ മാപ്പിന്റെ സേവനം പ്രയോജനപ്പെടുത്താനാകും എന്നതാണ് ഇതിന്‍റെ പ്രത്യേകത. നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസറിൽ നിന്ന് beta.maps.Apple.com എന്ന യൂആർഎൽ സന്ദർശിച്ചാൽ ആപ്പിൾ മാപ്പിലെത്താനാകും.
വാഹനമോടിക്കുന്നതിനും നടക്കുന്നതിനും വഴി കാണിക്കുന്നതിനും, ചിത്രങ്ങൾ , റേറ്റിങ്, റിവ്യൂ തുടങ്ങിയവ ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനും ആപ്പിളിന്റെ മാപ്പ് വെബ് വേർഷനിൽ സൗകര്യമുണ്ട്. ഭക്ഷണം ഓർഡർ ചെയ്യാനാകും. മാപ്പ്സ് പ്ലേസ് കാർഡ് ഇതിനായി പ്രയോജനപ്പെടുത്താം.
മാക്കിലാണെങ്കിൽ സഫാരി, ക്രോം ബ്രൗസറുകളിൽ ആപ്പിൾ മാക്ക് ഉപയോഗിക്കാനാകും. വിൻഡോസ് ഉപഭോക്താക്കളാണെങ്കിൽ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറുകളിലൂടെ ലഭ്യമാകുന്ന ആപ്പിൾ മാപ്പ് സേവനം പ്രയോജനപ്പെടുത്താം.
ഇത്രയൊക്കെ അപ്ഡേറ്റ് വന്നെങ്കിലും മൊബൈൽ ബ്രൗസറുകളിൽ ആപ്പിൾ മാപ്പ് ലഭിക്കില്ലെന്ന് ശ്രദ്ധിക്കണം. കൂടുതൽ ബ്രൗസറുകളിലേക്ക് ആപ്പിൾ മാപ്പ് എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ നിരവധി ഫീച്ചറുകളും ലഭിക്കും.
രാജ്യത്തെ പ്രധാന നാവിഗേഷൻ സേവനമായ ഗൂഗിൾ മാപ്പ്സിന് വെല്ലുവിളി ഉയർത്തിയാണ് ആപ്പിൾ മാപ്പെത്തുന്നത്. ഗൂഗിൾ മാപ്പിലെ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടതിന് പിന്നാലെ മാപ്പ്‌മൈഇന്ത്യയുടെ മാപ്പിൾസ്, വേസ് ഉൾപ്പടെയുള്ള മറ്റ് നാവിഗേഷൻ സേവനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.