ഐഫോണ്‍ 16ന് പുറമെ മറ്റൊരു വജ്രായുധവും വരുന്നു; ഐഫോണ്‍ 15ന്‍റെ വിക്കറ്റ് പോകുമോ? കാരണങ്ങള്‍ നിരവധി
കഴിഞ്ഞ വര്‍ഷം ഡിസൈനിലും ഫീച്ചറുകളിലും അപ്‌ഗ്രേഡുകളിലും മാറ്റങ്ങളുമായാണ് ആപ്പിളിന്‍റെ ഐഫോണ്‍ 15 സിരീസ് വിപണിയിലെത്തിയത്
കാലിഫോര്‍ണിയ: ഐഫോണ്‍ 16 സിരീസിനും ഐഫോണ്‍ എസ്ഇ 4നും വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി അധികം നാളില്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) അടക്കമുള്ള പുത്തന്‍ സാങ്കേതികവിദ്യകളോടെ ഈ ഫോണുകള്‍ എത്തുന്നത് ആപ്പിളിന്‍റെ തന്നെ മുന്‍ഗാമിയായ ഐഫോണ്‍ 15ന് വലിയ തിരിച്ചടി നല്‍കാനിടയുണ്ട്.
എഐ വിധിയെഴുതും
കഴിഞ്ഞ വര്‍ഷം ഡിസൈനിലും ഫീച്ചറുകളിലും അപ്‌ഗ്രേഡുകളിലും മാറ്റങ്ങളുമായാണ് ആപ്പിളിന്‍റെ ഐഫോണ്‍ 15 വിപണിയിലെത്തിയത്. എന്നാല്‍ ഐഫോണ്‍ 16 ഉം, ഐഫോണ്‍ എസ്ഇ4 ഉം ഉടന്‍ വരുന്നതോടെ വിപണിയില്‍ ഐഫോണ്‍ 15ന്‍റെ പ്രചാരം ഇടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐഫോണ്‍ 16, ഐഫോണ്‍ എസ്ഇ 4 എന്നീ പുതിയ ഫോണുകള്‍ വരിക ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സോടെയായിരിക്കും. വരാനിരിക്കുന്ന അഡ്വാന്‍സ്ഡ് എഐ ഫീച്ചറുകള്‍ നിലവിലെ ഐഫോണ്‍ 15ല്‍ ലഭ്യമാകാന്‍ സാധ്യതയില്ല.
ഇത് ഐഫോണ്‍ 15നെ അപ്രസക്തമാക്കാന്‍ പോകുന്ന കാരണമാണ്. അതേസമയം ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ലഭ്യമാവും.
പുത്തന്‍ ചിപ്പാണ് ഐഫോണ്‍ 16ന്‍റെ മറ്റൊരു ആകര്‍ഷണം. ഇതിന് പുറമെ പെര്‍ഫോമന്‍സിലും ഡിസൈനിലും ഫീച്ചറുകളിലും ഏറെ മാറ്റം പ്രതീക്ഷിക്കാം. ഇതും ഐഫോണ്‍ 16, ഐഫോണ്‍ എസ്ഇ 4 എന്നിവയെ ആകര്‍ഷകമാക്കുകയും ഐഫോണ്‍ 15ന്‍റെ മാറ്റ് കുറയ്‌ക്കുകയും ചെയ്യും.
മറ്റൊരു വില്ലന്‍
ആപ്പിള്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ എസ്‌ഇ 4 ആണ് ഐഫോണ്‍ 15ന് കനത്ത വെല്ലുവിളിയാവാന്‍ പോകുന്ന മോഡല്‍. ഐഫോണ്‍ 14ന്‍റെ ഡിസൈനില്‍ വരുന്ന എസ്‌ഇ 4ല്‍ പക്ഷേ ഐഫോണ്‍ 16ന് സമാനമായ ഫീച്ചറുകള്‍ ലഭ്യമാകും.
മികവാര്‍ന്ന ഒഎല്‍ഇഡി ഡിസ്‌പ്ലെ, ഐഫോണ്‍ 15ലില്ലാത്ത ആക്ഷന്‍ ബട്ടണ്‍ എന്നിവ എസ്‌ഇ 4ല്‍ വരുമെന്നാണ് സൂചന. ഐഫോണ്‍ 16ലേതിന് സമാനമായ ചിപ്പ് ഐഫോണ്‍ എസ്‌ഇ 4ല്‍ വരുമെന്നതും ഐഫോണ്‍ 15ന്‍റെ പ്രചാരത്തിന് തിരിച്ചടിയാവും.