പോക്കറ്റ് സേഫ്! അമേരിക്കന്‍ ‘മിലിട്ടറി പരീക്ഷ’ ജയിച്ച സ്‌മാര്‍ട്ട് ഫോണ്‍; ഒപ്പോ കെ12എക്‌സ് 5ജി വിപണിയില്‍,
ഏറെ സുരക്ഷാ ഫീച്ചറുകളോടെയാണ് ഒപ്പോ കെ12എക്‌സ് 5ജി എത്തിയിരിക്കുന്നത്.
നനഞ്ഞ വിരലുകള്‍ കൊണ്ട് പോലും ടച്ച് സ്ക്രീന്‍ പ്രവര്‍ത്തിപ്പിക്കാമെന്ന അവകാശവാദത്തോടെ ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി.
ബഡ്‌ജറ്റ് സ്‌മാര്‍ട്ട്ഫോണുകളുടെ ഗണത്തില്‍പ്പെടുന്ന ഒപ്പോ കെ12എക്‌സ് 5ജി (OPPO K12x 5G)ന്‍റെ വില്‍പനയാണ് ആരംഭിച്ചിരിക്കുന്നത്. ഒപ്പോയുടെ കെ-സിരീസില്‍ വരുന്ന ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണാണിത്.
സുരക്ഷ പ്രധാനം
ഏറെ സുരക്ഷാ ഫീച്ചറുകളോടെയാണ് ഒപ്പോ കെ12എക്‌സ് 5ജി എത്തിയിരിക്കുന്നത്. ഡസ്റ്റ്, വാട്ടര്‍ റെസിസ്റ്റന്‍സിനുള്ള ഐപി54, അമേരിക്കന്‍ മിലിറ്ററി സ്റ്റാന്‍ഡേര്‍ഡിലുള്ള 810എച്ച് സര്‍ട്ടിഫിക്കേഷന്‍ എന്നിവ നേടിയ ഫോണാണിത് എന്നാണ് ഒപ്പോ പറയുന്നത്.
ചൂടും തണുപ്പും ഈര്‍പ്പവും അടക്കമുള്ള വിവിധ സാഹചര്യങ്ങളില്‍ ഒരു ഉപകരണത്തിന്‍റെ കാര്യക്ഷമതയും, ഷോക്കും റേഡിയേഷനും അടക്കമുള്ള നിരവധി പ്രത്യാഘാതങ്ങളും പരിശോധിക്കുന്നതിനെയാണ് മിലിറ്ററി സ്റ്റാന്‍ഡേഡ് 810എച്ച് എന്ന് പറയുന്നത്.
നനഞ്ഞ വിരലുകള്‍ കൊണ്ട് പോലും ഉപയോഗിക്കാന്‍ കഴിയുന്ന സ്‌പ്ലാഷ് ടച്ച് സ്ക്രീന്‍ സംവിധാനമാണ് ഫോണിന്‍റെ മറ്റൊരു ആകര്‍ഷണം.
360 ഡിഗ്രി ഡാമേജ് പ്രൂഫ് ആര്‍മോര്‍ ബോഡിയും പാണ്ഡ ഗ്ലാസ് ഡിസ്‌പ്ലെ കവചവുമാണ് മറ്റ് സുരക്ഷാ ഫീച്ചറുകളായി പറയപ്പെടുന്നത്. മൈക്രോഎസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് 1ടിബി വരെ മെമ്മറി വര്‍ധിപ്പിക്കാനുമാകും. 8 ജിബി വരെയാണ് റാം ലഭ്യമാവുക.
ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന മോഡലിന് 12,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 15,999 രൂപയും.
തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാര്‍ഡുകളില്‍ 1000 രൂപയുടെ ഓഫര്‍ ഒപ്പോ നല്‍കുന്നുണ്ട്. ഒപ്പോ ഇ-സ്റ്റോറും ഫ്ലിപ്‌കാര്‍ട്ടും വഴിയാണ് ഒപ്പോ കെ12എക്‌സ് 5ജിന്‍റെ വില്‍പന. രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
മറ്റ് സവിശേഷതകള്‍
മീഡിയടെക് ഡൈമന്‍സിറ്റി 6300 പ്രൊസസര്‍, 6.67 ഇഞ്ച് ഡിസ്‌പ്ലെ, 32 എംപി പ്രൈമറി+ 2 എംപി പോട്രൈറ്റ് ക്യാമറകള്‍, 8 എംപി ഫ്രണ്ട് ക്യാമറ, 5100 എംഎഎച്ച് ബാറ്ററി, 45 വാട്ട്‌സ് വയേര്‍ഡ് ചാര്‍ജിംഗ് എന്നിവയാണ് ഒപ്പോ കെ12എക്‌സ് 5ജിയുടെ മറ്റ് ഫീച്ചറുകള്‍.